Aug 17, 2011

ഇടവഴികള്


വഴികള്ക്ക് പേരുകളുണ്ടായിരുന്നില്ല..
ചാക്യത്തെ അമ്മായിയുടെ വീടിന്റ അതിലെ...രാമകൃഷ്ണേട്ടന്റ പാലം കടന്ന്...
വാത്യേന്മാരുടെ അമ്പലം കടന്ന്..

പൊതുവഴികള് ഞങ്ങള് കുട്ടികളെന്നല്ല ആരും ഉപയോഗിക്കാറില്ലായിരുന്നു,,,

പാലവും തോടുംകടന്ന്...അമ്പലക്കുളത്തിനരികിലൂടെ ഒറ്റമരപ്പാലം കടന്ന് കൂട്ടം കൂടി ഞങ്ങള് സ്കൂളില് പോയി...

ആമ്പല്പൂവുകള് പറിച്ച് ടീച്ച൪ വരുന്നതിനുമുന്പ് മാലയുണ്ടാക്കി ബോ൪ഡില് തൂക്കി..


തോട്ടില്നിന്നും ഈ൪ക്കില് കുരുക്കുണ്ടാക്കി തവളകളെ പിടിച്ചു...

അന്നത്തെ അഛനമ്മമാ൪ക്ക് ഇന്നത്തെപോലെ മക്കളെപ്പറ്റിവലിയ ആധിയൊന്നുമുണ്ടായിരുന്നുല്ല.

ചരല് വിരിച്ച നടവഴികളില് മഴപെയ്ത് വെളളം കെട്ടിനില്ക്കും...

നിറയെ കുഞ്ഞിത്തവളകള് നിറഞ്ഞ വെള്ളത്തിലൂടെ ഞങ്ങള് സൂക്ഷിച്ചുനടക്കം...

തവളയെ ചവിട്ടിയാല് ചെവിയൊലിക്കുമെന്നു ആരോപറഞ്ഞുകേട്ടതിനാല് ഞങ്ങള് സൂക്ഷിച്ചു നടക്കും...

സത്യത്തില് കൂട്ടുകാരിലാരുടെയെങ്കിലും ചെവിയൊലിക്കുന്നതുകണ്ടാല് ഞാന് വിശ്വസിച്ചിരുന്നത് അവ൪ തവളയെ ചവിട്ടിയതുകൊണ്ടായിരുന്നുവെന്നായിരുന്നു...


സ്കൂളിലെത്തുമ്പോള് ഷ൪ട്ടിന്റ പുറകല് നിറയെ ചരല് വെള്ളംതെറിച്ച ചുവന്ന കുത്തുകളായിരുന്നു

ചില൪ കണ്ണിമാങ്ങകളുമായി വന്നു. മറ്റു ചില൪ മാക്കിലകളുമായും..

ഞങ്ങള് വിനിമയത്തിന്റ ബാലപാഠങ്ങള് പഠിച്ചത് അങ്ങിനെയാണ്..

മൂന്നു കശുവണ്ടിക്ക് ഒരു ഗോട്ടിക്കുരു...


നാലുമണിക്കു സ്കൂള് വിടുമ്പോള്...പുസ്തകവും സഞ്ചിയും ചോറുപാത്രവുമായി ഞങ്ങള് പുറത്തേക്കോടും...

മനപ്പറമ്പിലെ നാളികേരമാവില് നിന്നും മാങ്ങയെറിഞ്ഞിടും....ബാലന്മാഷുടെ പീടകയ്ക്കരികിലുളള ഉപ്പുപെട്ടിതുറന്ന് ഉപ്പും കൂട്ടിത്തിന്നും..

ഒന്നിനും ഒരു അന്തമുണ്ടായിരുന്നില്ല....ഒരു കുന്തവും...

No comments: