May 18, 2017

ഒരു മസാലദോശ ഉണ്ടാക്കിയ കഥ !!!

മസാല ദോശ ആദ്യം കഴിച്ചത്  കാഞ്ഞാണിയിലെ ഗ്രാന്റ് ഹോട്ടലിൽ നിന്നാണ്. വലിയ ദോശത്തട്ടിന്റെ മുകളിലേക്ക് വെള്ളമൊഴിക്കമ്പോൾ ഉണ്ടാകുന്ന ശബ്ദം, തട്ടിനുമുകളിൽ വിദഗ്ദനായ ഒരു ചിത്രകാരനെപ്പോലെ അപ്പുണ്ണി ചേട്ടൻ ദോശമാവ് പുരട്ടുന്നത്.പിന്നെ നെയ്യ് പുരട്ടുന്നത് അതിനു മുകളിൽ മസാലയിട്ട് ദോശമടക്കുന്നത് എല്ലാം ഒരഞ്ചു വയസ്സുകാരന്റെ കണ്ണിലെ വിസ്മയങ്ങൾ ആയിരുന്നു. പാത്രത്തിൽ ഒതുങ്ങാതെ മസാല ദോശ പുറത്തേക്കു തള്ളി നിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മയും അച്ചനും ഷാനും ഞാനും കൂടി മസാല ദോശ കഴിക്കാൻ ഗ്രാന്റിൽപോയി , ദോശ കഴിക്കുന്നതിനിടെ റെസിപ്പി അമ്മ ചോദിച്ചു മനസിലാക്കി..
പിന്നെയാണ് അമ്മ മസാല ദോശ ഉണ്ടാക്കാൻ തുടങ്ങിയത് , ഗ്രൈൻറിൽ മാവ് അരയ്ക്കുന്ന ദിവസം ഞാൻ വേഗം ഉറങ്ങാൻ കിടക്കും പിറ്റേന്ന് വേഗം ഉണരാൻ. മസാലയുടേയും നെയ്യിന്റെയും പുളിച്ച ദോശമാവിന്റെയും മണമുള്ള പ്രഭാതങ്ങളിലേക്ക് ഞാൻ കൊതിയോടെ ഉറക്കമുണരും.
നാടും വീടും അമ്മയുടെ വീട്ടുരുചികളുമുപേക്ഷിച്ച് ഗൾഫിലെത്തിയപ്പോൾ പുതുരുചികൾ ഷവർമ്മയായും ചിക്കൻ ടിക്കയായും നാവിൽ നിറഞ്ഞു .സ്വതവേ പാചകത്തിലൊന്നും താല്പര്യമില്ലത്ത അമ്മയുടെ പരിഷ്ക്കാരി മരുമകൾ വീണ തുടക്കത്തിൽ ആവർത്തനവിരസമായ കറികളുണ്ടാക്കി എന്ന മടുപ്പിച്ചു കൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് മറ്റൊരു വീണ എന്ന വീണാ ജാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. തനതായ നാട്ടുരുചികളിലൂടെ അമ്മയുണ്ടാക്കുന്ന കറികളുടെ രുചി വിസ്മയങ്ങളെ പുനനിർമ്മിക്കുന്നു വിണാ ജാൻ എന്ന ദുബായ്ക്കാരി വീട്ടമ്മ വീണാസ് കറിവേൾഡ് എന്ന യൂ ടൂ ബ് ചാനലിലൂടെ ,

ഇന്ന് ഞാൻ ഉണർന്നത് നെയ്യ്മണം നിറഞ്ഞ ഒരു മൈസൂർ മസാല ദോശ പ്രഭാതത്തിലേക്കാണ്..

നന്ദി.. വീണാ ജാൻ &  വീണ ഷൈൻ'.... എന്റെ അമ്മയുടെ രുചികൾ തിരിച്ചു തന്നതിന്..

പുതിയ വിഭവങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു..