Dec 1, 2008

ദിനചര്യ

പല്ലുതേപ്പും വിസ൪ജ്ജനവും ഒരുമിച്ചാണ്.
ഒറ്റയ്ക്കൊറ്റക്ക് ചെയ്യാനാകാത്ത അവസ്ഥ.
സമയലാഭമാണു കാര്യം.
രാവിലെ പത്രം വായിക്കാറില്ല !
ന്യൂസ് കേള്ക്കലും ഒഴിവാക്കി.
എന്നും ടെന്ഷനുണ്ടാക്കുന്ന വാ൪ത്തകളാണ്.
(ആരെങ്കിലും എവിടെയെങ്കിലും കൊലചെയ്യപ്പെട്ടോട്ടെ
നമുക്കെന്താ??
മറ്റൊരു ഭുഖണ്ഡത്തിലെ പക൪ച്ചവ്യാധിയും
കൂട്ടമരണവും യുദ്ധവും എന്നെയും കുടുംബത്തേയും ബാധിക്കില്ലലോ...????.)

മധുരം അടുത്തിടെ നി൪ത്തി.
പാല്ചേ൪ക്കാത്ത ചായകുടിക്കും.
എന്നിട്ടും ഉമിനീരില് നിറയെ
പഞ്ചസാരയാണെന്ന് അവള്.

കൊഴുപ്പൊരല്പ്പം കൂടുതലാണെന്ന് ഡോക്ട൪.
നടത്തം വിധിച്ചിട്ടുള്ളതാണ്
പട്ടിപോലെ കിതക്കുമ്പോള് നി൪ത്തും
വഴിയരികിലിരിക്കും.

റെഡ്മീറ്റെന്നല്ല ഒരുമീറ്റും കഴിക്കാറില്ല
ഗോതമ്പു ദോശതിന്നും.
വേവാത്ത പച്ചക്കറികള്
കറുമുറെ തിന്നും.
തിളപ്പിച്ചാറിയ വെള്ളം മടമടാ കുടിക്കും.
കൊളസ്ടറോള് കണ്ടെറോള്
ചെയ്യണമല്ലോ..?

പുകവലി പാടെയുപേക്ഷിച്ചു
മദ്യമെന്നു കേള്ക്കുമ്പോളെ ഇപ്പോള് ഓക്കാനം വരും
രാത്രി കിടക്കുമ്പോള്
ചൂടുള്ള കടുക്കവെള്ളം കുടിക്കും
സുഖമായി ഉറങ്ങും.

രതി ?....ലൈംഗികത......????

ഏയ് അങ്ങിനെയൊന്നുമില്ല..
മാസത്തില് ഒരുതവണ മാത്രം
ഏല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി-
പത്തുമിനിറ്റ് അതിനായി മാറ്റിവെച്ചിട്ടുണ്ട്.

പക്ഷെ
പൊതു മിനിമം പരിപാടിക്കിടയില്
ഹൃദയമിടിപ്പ് വ൪ദ്ധിച്ച്
അറ്റാക്കുവരാന് സാദ്ധ്യതയുണ്ടത്രെ !!!!!.


പിന്നെ സൂസന്നക്കും
ഇതിലൊന്നും വലിയ
താല്പര്യമില്ല.
അടുത്തിടെയായി
ഗസ്റ്റ് ഹൌസിനരികിലുള്ള പുതിയമുറിയിലേക്ക്
അവള്കിടപ്പുതന്നെ മാറ്റി.

വായന വളരെ കുറവാണ്
ചവറ് കഥ കവിത നോവല് നി൪ത്തി
വ്യക്തിവികാസം, പണമുണ്ടാക്കാന് ആയിരത്തൊന്നു വിദ്യകള്
ആരോഗ്യജീവിതം, രോഗം വരാതിരിക്കാനുള്ള മാ൪ഗ്ഗങ്ങള്
യോഗാസനപാഠാവലി, സന്തുഷ്ടജീവിതം
തുടങ്ങിയവയാണ് ഇഷ്ടവിഷയങ്ങള്.

കവിതയൊന്നും
എഴുതാറില്ല.
അശുഭചിന്തകള് മനസ്സിനെ ദു൪ബലപ്പെടുത്തും
മനസ്സിന്റ പ്രശ്നങ്ങള് ശരീരത്തെയും
ബാധിക്കുമത്രെ...!!!!!!
എന്തിനാ വെറുതെ പൊല്ലാപ്പുപിടിക്കുന്നത്,
സാമൂഹ്യപ്രതിബദ്ധത മണ്ണാങ്കട്ട.


പിന്നെ എഴുത്തുമുടക്കാതിരിക്കാന്
സന്മാ൪ഗ്ഗപുസ്തകം
പക൪ത്തിയെഴുതുന്നുണ്ട്.
അത്രതന്നെ.
“ജീവല്സാഹിത്യം”
ആ൪ക്കും ശല്ല്യമില്ലല്ലോ……