Nov 5, 2017

ലേഡീബേർഡും സ്പീഡ്കിംഗും

പറക്കുന്ന പേടമാനിന്റെ പടമുള്ള സ്പീഡ് കിംഗ് എന്ന സൈക്കിളായിരുന്നു എന്റെ ആദ്യത്തെ വാഹനം .
ഇത് ഞങ്ങളുടെ അച്ഛൻ ലാംപി എന്ന പഴഞ്ചൻ സ്കൂട്ടർ  വാങ്ങുന്നതിനു മുമ്പുള്ള കഥയാണ് .....
അങ്ങനെയിരിക്കെയാണ് ഞാൻ ഹൈസ്ക്കൂളിലേയ്ക്ക് ജയിക്കുന്നത്. ആ വിജയവും അമ്മയുടെ ഉപാധികളോടെയുള്ള ശുപാർശ്ശയും  എന്റെ ഒരു ചിരകാല അഭിലാഷം സാധ്യമാക്കി. അതു വരെ നടന്ന്  മാത്രം സ്ക്കൂളിൽ പോയിരുന്ന ഞാൻ ആ വർഷം മുതൽ സൈക്കിളിൽ സ്ക്കൂളിൽ പോയി തുടങ്ങി.സ്പീഡ് കിംഗ് എനിക്ക് പുതിയ ചിറകുകൾ തന്നു. പുസ്തക സഞ്ചിയും ചോറു പാത്രവും കാരിയറിൽ വച്ച് മറ്റു കുട്ടികൾക്കൊപ്പം ഞാൻ സൈക്കിൾ ചവിട്ടി പോയി. അച്ഛൻ ലാംപിയിൽ നിന്നും ചേദക്കിലേക്കും പിന്നെ വിജയ് സൂപ്പറി ലേയ്ക്കും മാറി. കടയിൽ നിന്നും സാധനങ്ങൾ കൊണ്ടുവരാൻ ഉള്ള സൗകര്യം ഉള്ളതുകൊണ്ട് അച്ഛൻ സ്കൂട്ടർ തന്നെ തുടർന്നു കൊണ്ടിരുന്നു.
ഭാരത്  എന്നെഴുതിയ തണ്ടു കവറുള്ള ഹീറോ സൈക്കിളായിരുന്ന അച്ഛൻ ആദ്യം ഉപയോഗിച്ചത്. ഞാൻ സൈക്കിൾ ചവിട്ടി പടിക്കുന്നതും അതിലാണ്‌.
കട മുടക്കമുള്ള വ്യാഴാഴ്ച്ച ദിവസങ്ങളിൽ എന്റെ കൂട്ടുകാരെ ഡബിളും ത്രിബ്ളും വച്ചു വെള്ളം കെട്ടി നിൽക്കുന്ന പാടവരമ്പിലൂടെ സൈക്കിൾ ഓടിക്കുക എന്നത് എന്റെ ഒരു പ്രധാന വിനോദമായിരുന്നു .ഒടുവിൽ മഡ്ഗാഡിനുള്ളിൽ ചെളി നിറഞ്ഞതു കണ്ട് അച്ഛൻ കൈയ്യിൽ നിന്നും ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്.
പറമ്പും കഴിഞ്ഞ് പാടത്തിനരികെയുള്ള വഴിയിലൂടെ രാത്രിയിൽ കട അsച്ച് അച്ഛൻ വരുന്നതും കാത്ത് ഞാൻ കിഴക്കെ പുറത്തെ ഇറയത്തിരിയ്ക്കാറുണ്ട്.... ഇരുട്ടിൽ അകലെ ഒരു ബീഡി കുറ്റിയിലെ വെളിച്ചം പോലെ അച്ഛന്റെ സൈക്കിളിന്റെ ഡൈനാമോ കാണുമ്പോൾ ഞാൻ അടുക്കളയിലേയ്ക്ക് വിളിച്ചു പറയും 
"അമ്മേ ദാ അച്ഛൻ വരുന്നുണ്ട് ".

സ്പീഡ് കിംഗ് പറന്നു കൊണ്ടേയിരുന്നു. ഒന്നുരണ്ടു തവണ ഞാൻ സൈക്കിളിന്നു വീഴുകയും കൈമുട്ടിനു ചെറിയ പരിക്കുകൾ പറ്റിയതുമൊഴിച്ചാൽ ദൈവം സഹായിച്ച് സൈക്കിളിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.
ആരോഗ്യപരമായ കാരണങ്ങളാൽ അച്ഛൻ സ്കൂട്ടർ ഉപേക്ഷിച്ച് വീണ്ടും സൈക്കിളിലേയ്ക്ക് തിരിഞ്ഞു. ഇത്തവണ അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ ഞാൻ സുധാകരേട്ടന്റെ സൈക്കിൾ കട അന്വേഷിച്ചു പോയി.
സ്പീഡ് കിംഗ് ആയിരുന്നു  തിരഞ്ഞത്. 
"ആ മോഡൽ ഒക്കെനിറുത്തി..."
സുധാകരേട്ടൻ പറഞ്ഞു .....
അച്ഛനു വേണ്ടിയാണെന്നു പറഞ്ഞപ്പോൾ ലേഡീബേഡ് മതിയാകുമെന്നും പറഞ്ഞു...

അച്ഛന് ഇഷ്ടപ്പെട്ടതും അതുതന്നെ ആയിരുന്നു.....
എനിക്ക് പണ്ട് സ്പീഡ്‌കിംഗ് ഇഷ്ടപെട്ടതു പോലെ .....

Jul 25, 2017

ജാനിയുടെ സ്ക്കൂൾ

അവൾ നടക്കൂന്നത്
ഞാൻ നടന്ന വഴികളിലൂടെയല്ല
അവൾ കാണുന്നത്
ഞാൻ കണ്ട കാഴ്ച്ചകളും അല്ല.....

മഴ നനഞ്ഞു കുതിർന്ന ചരൽ വഴികൾ ,തോടു കടന്ന് കുളത്തിനരികു പറ്റി കൊന്നയും കമ്മ്യൂണിസ്റ്റ് പച്ചയും അതിരു വെച്ച നടു പറമ്പിന്റെ ഇടയിലൂടെ ചോറ്റുപാത്രവും സ്ലേറ്റ് പെൻസിലും മഷിത്തണ്ടുമായി ഞങ്ങൾ നടന്നു പോയ ഒരു കാലമുണ്ടായിരുന്നു .അന്തിക്കാട് പഞ്ചായത്ത് ഓഫിസി ന്റെ അപ്പുറത്തുള്ള ചോർന്നൊലിക്കുന്ന ഞങ്ങളുടെ പൊളിഞ്ഞു വീഴാറായ ഗവ.എൽ.പി .സ്ക്കൂളിലെത്തുമ്പോഴേയ്ക്കുo ട്രൗസറും കപ്പായവുമെല്ലാം നനഞ്ഞു കുതിർന്നിരിക്കും. അതു കൊണ്ട് തന്നെ മഴയുള്ള പ്രഭാതങ്ങളിൽ ഞങ്ങളുടെ ക്ലാസ് ടീച്ചറും കണക്കു ടീച്ചറുമായ സൗദാമിനി ടീച്ചർ ആദ്യത്തെ പിരീഡ് ക്ലാസ് എടുക്കാൻ മെനക്കെടാറില്ല .നനഞ്ഞകുപ്പായം അഴിച്ചു പിഴിഞ്ഞ് ബോർഡിന്റെ താഴെ ഞങ്ങൾ ഉണക്കാൻ ഇടും. പിന്നെ തണുത്ത് വിറച്ച് പുറത്തു പെയ്യുന്ന മഴയിലേയ്ക്ക് നോക്കിയിരിയ്ക്കും. മഴ തോർന്നാൽ ഞങ്ങൾ കളിയ്ക്കാൻ ഇറങ്ങും.ഗോട്ടിക്കളി കുഴി പന്ത് ഏറും പന്ത് പമ്പരംകൊത്ത് ഇവയൊക്കെ തന്നെയായിരുന്നു പ്രധാന വിനോദങ്ങൾ. കളിച്ചു തളർന്നാൽ സ്ക്കൂളിനകത്തുള്ള പഞ്ചായത്ത് പൈപ്പ് തുറന്ന് വെള്ളം മോന്തി കിടയക്കും. സ്ക്കൂൾ മതിലിനപ്പുറത്ത് ഏറെ കുറെ വിചനമായ ഒരു മന പറമ്പായിരുന്നു .രണ്ടു മാസത്തിലൊരിയ്ക്കൽ തേങ്ങ ഇടാൻ വരുന്ന ഗോപാലേട്ടനും ഒഴികെ മറ്റാരും അവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. പറമ്പ് നിറയെ പല തരത്തിലുള്ള മാവുകൾ ഉണ്ടായിരുന്നു. എത്ര വലുതായാലും ഉള്ളം കയ്യിൽ ഒതുക്കവുന്ന തരത്തിലുള്ള ഒരു മച്ചിങ്ങയോളം വലിപ്പം ഉള്ള മധുരം നിറഞ്ഞ നീരു കുടിയൻ മാങ്ങ....
വീടിന്റെ സുരക്ഷിതവും സൗമ്യവുമാർന്ന അന്തരീക്ഷത്തിൽ നിന്ന് അദ്ധ്യയനത്തിന്റെ തീക്ഷണവും യാഥാർത്ഥ്യജനകമായ ലോകത്തേയ്ക്ക് ഒരു പുതിയ ചുവടു വയ്ക്കുകയാണ് ജാനി എന്ന എന്റെ പുനർജനി..
എന്റെ ജീവിതത്തിലെ ഒരു കാലം ഇവിടെ അവസാനിക്കുകയാണ്... മറ്റൊന്ന് തുടങ്ങുകയും..
എന്റെ തോൽവികൾ , തെറ്റിപ്പോയവാക്കുകൾ, ആഗ്രഹങ്ങൾ, വരും ജന്മത്തിലേയ്ക്ക് ഞാൻ മാറ്റി വെച്ച എന്റെ സ്വപ്നങ്ങൾ എല്ലാം നിന്നിലൂടെ പുനർജനിയ്ക്കട്ടെ...
അങ്ങനെ നിന്റെ തോൽവിയും നിന്റെ വിജയവും എന്റെതു കൂടിയാകട്ടെ .
ഇനി നീ യാത്ര തുടരുക..
ഇവിടെ ഈ വെറും മണ്ണിൽ ഞാൻ ഇടറി വീഴും വരെ വഴിക്കണ്ണുമായി നിന്നെ കാത്തു നിന്നോളാം.
ഇനി നീ യാത്ര തുടരുക....

May 18, 2017

ഒരു മസാലദോശ ഉണ്ടാക്കിയ കഥ !!!

മസാല ദോശ ആദ്യം കഴിച്ചത്  കാഞ്ഞാണിയിലെ ഗ്രാന്റ് ഹോട്ടലിൽ നിന്നാണ്. വലിയ ദോശത്തട്ടിന്റെ മുകളിലേക്ക് വെള്ളമൊഴിക്കമ്പോൾ ഉണ്ടാകുന്ന ശബ്ദം, തട്ടിനുമുകളിൽ വിദഗ്ദനായ ഒരു ചിത്രകാരനെപ്പോലെ അപ്പുണ്ണി ചേട്ടൻ ദോശമാവ് പുരട്ടുന്നത്.പിന്നെ നെയ്യ് പുരട്ടുന്നത് അതിനു മുകളിൽ മസാലയിട്ട് ദോശമടക്കുന്നത് എല്ലാം ഒരഞ്ചു വയസ്സുകാരന്റെ കണ്ണിലെ വിസ്മയങ്ങൾ ആയിരുന്നു. പാത്രത്തിൽ ഒതുങ്ങാതെ മസാല ദോശ പുറത്തേക്കു തള്ളി നിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മയും അച്ചനും ഷാനും ഞാനും കൂടി മസാല ദോശ കഴിക്കാൻ ഗ്രാന്റിൽപോയി , ദോശ കഴിക്കുന്നതിനിടെ റെസിപ്പി അമ്മ ചോദിച്ചു മനസിലാക്കി..
പിന്നെയാണ് അമ്മ മസാല ദോശ ഉണ്ടാക്കാൻ തുടങ്ങിയത് , ഗ്രൈൻറിൽ മാവ് അരയ്ക്കുന്ന ദിവസം ഞാൻ വേഗം ഉറങ്ങാൻ കിടക്കും പിറ്റേന്ന് വേഗം ഉണരാൻ. മസാലയുടേയും നെയ്യിന്റെയും പുളിച്ച ദോശമാവിന്റെയും മണമുള്ള പ്രഭാതങ്ങളിലേക്ക് ഞാൻ കൊതിയോടെ ഉറക്കമുണരും.
നാടും വീടും അമ്മയുടെ വീട്ടുരുചികളുമുപേക്ഷിച്ച് ഗൾഫിലെത്തിയപ്പോൾ പുതുരുചികൾ ഷവർമ്മയായും ചിക്കൻ ടിക്കയായും നാവിൽ നിറഞ്ഞു .സ്വതവേ പാചകത്തിലൊന്നും താല്പര്യമില്ലത്ത അമ്മയുടെ പരിഷ്ക്കാരി മരുമകൾ വീണ തുടക്കത്തിൽ ആവർത്തനവിരസമായ കറികളുണ്ടാക്കി എന്ന മടുപ്പിച്ചു കൊണ്ടേയിരുന്നു.

അങ്ങിനെയിരിക്കെയാണ് മറ്റൊരു വീണ എന്ന വീണാ ജാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. തനതായ നാട്ടുരുചികളിലൂടെ അമ്മയുണ്ടാക്കുന്ന കറികളുടെ രുചി വിസ്മയങ്ങളെ പുനനിർമ്മിക്കുന്നു വിണാ ജാൻ എന്ന ദുബായ്ക്കാരി വീട്ടമ്മ വീണാസ് കറിവേൾഡ് എന്ന യൂ ടൂ ബ് ചാനലിലൂടെ ,

ഇന്ന് ഞാൻ ഉണർന്നത് നെയ്യ്മണം നിറഞ്ഞ ഒരു മൈസൂർ മസാല ദോശ പ്രഭാതത്തിലേക്കാണ്..

നന്ദി.. വീണാ ജാൻ &  വീണ ഷൈൻ'.... എന്റെ അമ്മയുടെ രുചികൾ തിരിച്ചു തന്നതിന്..

പുതിയ വിഭവങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു..