Dec 24, 2009

പാതകം

വധശിക്ഷക്കു വിധിക്കപ്പെട്ടവനെപ്പോലെ
വെറും നിലത്ത്
നിന്റ കാലടിപ്പാടില് മണ്ണില്
ഉച്ഛിഷ്ടങ്ങള്ക്കും പരിഹാസങ്ങള്ക്കുമിടയില്
എത്രനാള് എന്റ ജീവിതം ഇങ്ങനെ
മരിച്ചു തീ൪ക്കണം....

അസംഖ്യം സുന്ദരികളാല് നിറഞ്ഞ
നിന്റ തണുത്ത കിടക്കവിരികളില്
ഇരുട്ടില് അ൪ത്ഥപൂ൪ണ്ണമായ മൌനങ്ങളില്
കാമം കത്തിയെരിയുന്ന ഞരക്കങ്ങളില്
നിസ്സംഗനായി എത്ര നാള് ഈ മുഖം മൂടി
ഞാന് ധരിക്കണം

അതിരുവിട്ട വള൪ച്ചയെന്നു പറഞ്ഞ്
നീ അറുത്തുമാറ്റിയ അവയവങ്ങള്
ഒരു ദിനം കിളി൪ത്തുവരുമെന്ന്
നീ അറിയുക.

അന്ന് ...
വാക്യ ഘടനക്കു ചേരാത്ത വാക്കുപോലെ
നീയെന്നെ വെട്ടിമാറ്റുന്ന ദിവസ്സം..

പക്ഷെ.
തുട൪വായനക്കായി കാത്തിരിക്കുംമുന്പ്..
നിന്റ മരണവും എഴുതപ്പെട്ടിരിക്കും..

Dec 10, 2009

അരിശം

നിലവറക്കണ്ണാടിയുടച്ച്
ഇടവഴിയില് വിതറിയത്
കൂടെക്കുളിക്കുമ്പോഴനുജനെ-
ഉയിരുപോകുംവരെ മുക്കിപ്പിടിച്ചത്

കൊടുവാളിനാലിലച്ചാ൪ത്തൊക്കെയും
പകതീരുംവരെ വെട്ടിത്തെളിച്ചത്
ഒടുങ്ങാത്ത ഭ്രാന്തിനാലിരുട്ടത്ത്
കൂ൪ത്തകല്ലുമായിരകാത്തുനിന്നത്

പിന്നെപ്പതുക്കെ പ്രണയം ബാധിച്ചത്
വിരല് മുറിച്ച് പേനയില് നിറച്ചത്.
നീയൊഴിഞ്ഞുപോകവെ
മദ്യത്തില്, മരണത്തില് കുളിച്ചത്

ഒടുവിലൊറ്റക്ക് കടത്തിണ്ണയില്
അഴുക്കുചാലിനരികുചാരി
അല്പബോധത്താലതിമ൪ദ്ദനത്താല്
ഞരങ്ങി ഉയിരുകാത്തുകിടന്നത്

ഒരുകടലെതിരുനില്ക്കെ-
ഒരുകാലം മുഴുവന് കയ൪ക്കെ...
മതിവരുവോളം പുണരാന്
നിന്നെക്കൊതിച്ചത്..വരിച്ചതും

പ്രണയമേ..മരണമേ..
അ൪ത്ഥശൂന്യമാം സ്വപ്നങ്ങളെ
ഇവിടെയുപേക്ഷിക്കുക..
അരികുകീറിയൊരീ മനസ്സിനെ,,
വടുനിറഞ്ഞൊരീയുടലിനെ..