സൗദിഅറേബിയയുടെ വടക്കു പടിഞ്ഞാറായി ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന അധികമൊന്നും ജനവാസമില്ലാത്ത വിശാലമായ ഒരു മരുഭൂമി.
പൊടിക്ക്കാറ്റില്ലാത്ത സമയത്തു നോക്കിയാൽ അകലെ ഒരു നിഴലുപോലെ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ കിണറുകൾ കാണാം, പെട്രോൾ സൂക്ഷിക്കുവാനായി ഉണ്ടാക്കിയ ഭീമാകാരമായ പെട്രോൾ ടാങ്കുകളാണ് . ഇത്തരത്തിലുള്ള ടാങ്കുകളുടെ നിർമ്മാണത്തിനായുള്ള കോൺക്രീറ്റു ഉണ്ടാക്കുന്ന റെഡിമിക്സ് കമ്പനിയിലാണ് അന്ന് ഇരുപത്തിരണ്ടു വയസ്സുള്ള എനിക്ക് പണി.
തികച്ചും ഒറ്റപ്പെട്ട ഒരു സ്ഥലം . രാത്രിയിൽ നോക്കിയാൽ അകലെ ഉറുമ്പുകൾ പോകുന്നത് പോലെ കാറുകൾ പോകുന്നത് കാണാം
പൊടിക്കാറ്റടിച്ചു മൂടിപ്പോകാതിരിക്കാൻ ഉയർത്തിക്കെട്ടിയ മതിലുകൾ സെൻട്രൽ ജയിൽ മതിൽ പോലെ തോന്നിക്കും. അൻപതോളം കോൺക്രീറ്റു കൊണ്ട് പോകുന്ന മിക്സറുകൾ, പത്തോളം കോൺക്രീറ്റ് പമ്പുകൾ , ചിലപ്പോൾ ഇതൊരു യുദ്ധ ഭൂമിയാണെന്നു തോന്നിപോകും . കോമ്പൗണ്ട് മുഴുവൻ കോൺക്രീറ്റ് ഇട്ടിരിക്കുന്നു, കോൺക്രീറ്റ് നിര്മാണത്തിനായുള്ള സിമന്റു സൂക്ഷിക്കുന്നതിനുള്ള പ്ലാന്റിന്റെ വലിയ കുഴലുകൾ വളരെ ദുരത്തുനിന്നും തന്നെ കാണാം. ഇവിടെ രണ്ടു പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്, പകലും ചിലപ്പോൾ രാത്രിയിലും തുടർച്ചയായി പ്ലാന്ന്റുകൾ പ്രവർത്തിക്കും, വിവിധ സൈറ്റുകളിലേക്ക്, കോൺക്രീറ്റ് ഡിസ്പാച്ച് ചെയ്യുന്ന ഷിപ്പേർ ആൻഡ് ഡിസ്പാച്ചർ ആകുന്നു ഈ ഞാൻ.
നാടുവിട്ടിട് കൊല്ലം ഒന്നാകുന്നു, മരുഭൂമിയുടെ നടുവിൽ, താൽക്കാലികമായി ഉണ്ടാക്കിയ പോർട്ട് കാബിനുകളിലാണ് കിടപ്പും ഉറക്കവും. കുടെ ജോലിചെയ്യുന്നവർ കൂടുതലും പാകിസ്താനികളാണ് . ഇന്ത്യക്കാർ ഒന്നോ രണ്ടോ പേരുണ്ടായിരുന്നുള്ളു, അവരാണെങ്കിലോ മലയാളിയെ മദ്രാസി എന്ന് വിളിക്കുന്ന തനി ഹിന്ദി വാലകൾ. പാകിസഥാനികൾ കൂടുതലും പാക്കിസ്ഥാൻ ആര്മിയിൽനിന്നും റിട്ടയർ ചെയ്ത ഡ്രൈവർമാരാണ്.
“ഉറുദു മാലും നഹിഹൈ ?”
പാകിസ്താനി ഡ്രൈവർമാർ വന്നു ചോദിക്കും
ഹിന്ദി പോലും പറയാനറിയാത്ത എനിക്കെന്തു ഉറുദു
“മാലും ഹൈ ഭായ് തൊടാ മാലും ഹൈ. “
അങ്ങിനെ ഒന്ന് രണ്ടു മാസങ്ങൾക്കുള്ളിൽ ഞാൻ പോലും അറിയാത്ത ഉറുദുവു പച്ച വെള്ളം പോലെ ഞാൻ പറഞ്ഞു തുടങ്ങി.
പ്ലാന്റന്റുകളുടെ കണ്ട്രോൾ റൂം തന്നെയാണ് ഞങ്ങളുടെ ഓഫിസും, നാല് കാലിൽ തറ നിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഒരു ക്യാബിൻ ആകുന്നു ഞങ്ങളുടെ ഓഫീസ്. അതിനകത്തു പ്ലാന്റ് ഓപ്പറേറ്ററും ഡിസ്പാറ്ച്ചറും ജോലിചയ്യുന്നു.
കുറച്ചു പ്രായമായ ഒരു ബംഗ്ലാദേശി പ്ലാന്റ് ഓപ്പറേറ്റർ ചാച്ച എന്ന് എല്ലാവരും വിളിക്കുന്ന നജ്മത്തുള്ള, അയാളുടെ അസിസ്റ്റന്റ് ആയ ഒരു ബാംഗ്ളൂരിൽ നിന്നുള്ള മുജീബ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ.
എന്റെ ബോസ് ആയ യുപിക്കാരൻ ഷിഹാബുദീൻ എന്ന മുത്ഹവ (മത പുരോഹിതൻ) എന്നിവരാണ് ഞങളുടെ ഓഫീസിൽ ജോലി ചെയ്യന്നത്.
നമസ്ക്കാര സമയമായാൽ ഓരോരുത്തരായി പോയി നിസ്കരിച്ചിട്ടു വരും.
മുജീബും ചാച്ചയും തമ്മിൽ എന്നും വഴക്കാണ് … നിസ്കരിക്കാൻ ആദ്യം മുജീബ് പോകും ..പതിനഞ്ചു മിനിറ്റിന്റെ നിസ്ക്കാരം ഒരു മണിക്കൂർ കഴിഞ്ഞിട്ടും അവസാനിക്കില്ല ,, മുജീബ് തിരിച്ചു വന്നിട്ട് വേണം അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ പോകാൻ. ഒടുവിൽ മുജീബ് തിരുച്ചു വരുമ്പോഴേക്കും പ്രാര്ഥിക്കുവാനുള്ള സമയം കഴിഞ്ഞിരിക്കും … നഷ്ടപെട്ട തന്റെ പ്രാത്ഥനയെ പറ്റി മനസ്സിൽ പിറു പിറുത്തുകൊണ്ടു അദ്ദേഹം മുസല്ലയുംഎടുത്തു പള്ളിയിൽ പോകും.
മുസ്ലിമല്ലാത്ത എനിക്ക് പ്രാർത്ഥിക്കാൻ പോവേണ്ടതിരുന്നിട്ടു പോലും എന്റെ ബോസ്സ് പക്ഷെ ഒരിക്കലും വൈകാറില്ല.
നിസ്കരിക്കാൻ പോകുമ്പോൾ എനിക് വേണ്ടിയും എന്റെ മാതാപിതാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ഞാൻ ബോസ്സിനോട് പറയും.
“ സബ് കേലിയെ ദുവ കരേഗ ഭായ്…”
എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അദ്ദേഹം പ്ലാന്റിൽ താൽക്കാലികമായി ഉണ്ടാക്കിയ പള്ളിയിലേക്ക് പോകും.
എല്ലാ പുലർച്ചകളും “ അള്ളാഹു അക്ബർ “ വാങ്ക് വിളികേട്ട് ഞാൻ ഉണരും
“പരമ കാരുണികന്റെ ഭവനത്തിലേക്ക് പുലർകാല പ്രാർത്ഥനക്കായി വരിക”
കിടക്കയിൽ കിടന്നു ഞാൻ അത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യും.
അപ്പോൾ ഞാൻ നാട്ടിലെത്തും
വീടനടുത്തുള്ള ശ്രീ രാമ ക്ഷേത്രത്തിൽ നിന്നും വെങ്കിടേശ്വര സുപ്രഭാതം കാതിൽ അലയടിക്കും.
അങ്ങിനെയിരിക്കെ ഈജിപ്തിൽ നിന്നുള്ള രണ്ടു പുതിയ ആളുകൾ കൂടി ഞങ്ങളുടെ ഓഫീസിൽ ജോയിൻ ചെയ്തു .. രണ്ടു പേരും ട്രെയിനികളാണ് . എങ്ങിനീറിങ് കഴിഞ്ഞു നേരിട്ട് ജോലി ചെയ്യാൻ വരികയാണ്.അതിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനെയാണ് ഇവിടെ വന്നിട്ടുള്ളത്.
രണ്ടുപേരും വെളുത്ത നിറം നല്ല ഉയരം ഒരു ആറര ഏഴടി കാണും , അതിനൊത്ത തടിയും . അവർ രണ്ടു പേരും കയറി വരുമ്പോൾ ഞങ്ങളുടെ പോർട് ക്യാബിൻ ഒന്ന് കുലുങ്ങും ..
എന്റെ ബോസ്സ് പറഞ്ഞതനുസരിച്ചു ഓഫീസിലെ ജോലിയെ കുറിച്ച് ഞാൻ ഒരു ചെറിയ വിവരണം അവർക്കു കൊടുത്തു .
അപ്പോഴാണ് അറിയുന്നത് എഞ്ചിനീയർ മാരായ രണ്ടു പേർക്കും ഇംഗ്ലീഷ് അത്ര വശമില്ല എന്നത് .. അവർ എന്നോട് അറബിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു ..
അറബി അറിയാത്ത ഞാൻ മിഴിച്ചു നോക്കി നിന്നു ..
ഇവന്മാർ ഇവിടെ നിന്നും പോകുന്നതിനു മുൻപ് എനിക്ക് അറബി പഠിച്ചെടുക്കാമല്ലോ എന്നോർത്ത് ഞാൻ സന്തോഷിക്കുകയും ചെയ്തു .
പിന്നെയങ്ങോട്ട് രസകരമായിരുന്നു കാര്യങ്ങൾ ,, ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ അവർക്കു പറഞ്ഞു കൊടുത്തു , പകരം അറബി എങ്ങനെ സംസാരിക്കാം എന്നു അവർ പഠിപ്പിച്ചു തന്നു …
ഇടക്കൊക്കെ അവർ നല്ല അറബിക് കോഫീ ഉണ്ടാക്കിത്തരും , ഓഫീസിൽ മുഴുവൻ അപ്പോൾ കാപ്പി മണം പരക്കും.
ഒരുദിവസം ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ഓഫീസിൽ എത്തിയതായിരുന്നു .. ഓഫീസിലേക്ക് കയറുന്ന കോണിക്കരികെ ചെറിയ ഒരാൾക്കൂട്ടം .. ഡ്രൈവർമാരാണ് .. അകത്തു എന്തോ നടക്കുന്നുണ്ട് …
ഓഫിലെത്തിയപ്പോഴാണ് എനിക്ക് സംഭവം മനസിലായത് ..
പുതുതായി വന്ന ഈജിപ്ഷ്യൻ എൻജിനീയർമാർ തമ്മിൽ എന്തോ കശപിശ, എന്തോ ചെറിയ ഒരു പ്രശ്നം , പറഞ്ഞു തീർക്കേണ്ടതിനു പകരം അത് അടിയുടെ വക്കത്തെത്തിയിരിക്കുന്നു … അല്ല അടി തുടങ്ങി ക്കഴിഞിരിക്കുന്നു .. രണ്ടു പേരുടെയും വെളുത്ത മുഖം ചുവന്നു തുടുത്തിട്ടുണ്ട് ….രണ്ടു പേരും അറബിയിൽ അനോന്യം വഴക്കു കൂടുന്നു …
നജ്മത്തുള്ള ചാച്ചയും മുജീബും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ആറര ഏഴടി ഉയരമുള്ള എങ്ഞ്ചിനീർ മാരെ പിടിച്ചു മാറ്റാൻ അവർക്കു സാധിക്കുന്നില്ല ..
രണ്ടര കിലോയുള്ള നെസ്കഫേ ചില്ലുകുപ്പിയെടുത്തു ഒരു എൻജിനീയർ മറ്റേയാൾടെ തലയിൽ അടിക്കാനുള്ള പുറപ്പാടാണ് ..
കളി കാര്യമാകുന്നു, എന്തെകിലും ചെയ്തില്ലെങ്കിൽ മറ്റേയാളുടെ തലപൊട്ടി ചോര വരും …
ഞാൻ എനിക്കറിയാവുന്ന അറബിയിലും പിന്നെ ഇംഗ്ളീഷിലും പറഞ്ഞു നോക്കി ,, ഒരു രക്ഷയുമില്ല ..
തടിയൻ മാർ എന്റെ വാക്ക് കേൾക്കുന്നില്ല .
അവർ കൈ മടക്കി ഒന്ന് തന്നാൽ എന്റെ കാര്യം പിന്നെ കഷ്ടത്തിലാകും ..
എന്ത് ചെയ്യും …
കണ്ണടച്ച് മനസിൽ ദൈവത്തെ വിളിച്ചു ,,, ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു ..
“ഇന്നള്ളാ മാ സാബറിൻ “
“സർവശക്തനായ അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് “
സ്വിച്ചിട്ടപ്പോൾ ലൈറ്റ് കത്തിയതുപോലെ ഓഫീസിനകത്തു പൊടുന്നനെ നിശബ്ദത പരന്നു …
കൂടി നിന്നിരുന്ന ആൾകൂട്ടം പൊടുന്നനെ നിശബ്ദമായി
തലയിൽ അടിക്കാൻ ഓങ്ങിയ നെസ്കഫേ കുപ്പി ഒരു എൻജിനീയർ മേശപ്പുറത്തു വെച്ചു ..
പിന്നെ പരസ്പരം ക്ഷമാപറഞ്ഞു എൻജിനീയർമാർ പിരിഞ്ഞു പോയി .
ഓഫീസ് നിശബ്ദമായപ്പോൾ നജ്മത്തുള്ള ചാച്ചാ എന്റെ അടുത്തേക്ക് വന്നു..
എനിക്ക് കൈ തന്നു കൊണ്ട് പറഞ്ഞു
“ വളരെ നന്നായി ….പക്ഷെ ഇതെവിടെനിന്നും പഠിച്ചു ?”
“ താങ്കളിൽ നിന്ന് തന്നെ …” ഞാൻ മറുപടി പറഞ്ഞു.