മരണപ്പെടുന്നതിന് കുറച്ചുനാൾമുമ്പ്
അയാൾ എനിക്ക് അയച്ചുതന്നിരുന്ന
മെസഞ്ചർ ഇൻബോക്സ്
ഇപ്പോൾ തുറന്നുനോക്കാൻ ഞാൻ ഭയക്കുന്നു
ടിക്കറ്റും പാസ്സ്പോർട്ടും വിസയും
വേണ്ടാത്ത മരണക്കടലിൻ്റെ അപ്പുറത്ത് നിന്നും
എൻ്റെ തിരക്കുകളെ അവഗണിച്ചു്
ഇപ്പോഴും അയാൾ മെസ്സേജുകൾ അയക്കുന്നുണ്ടാവും.
വീട്ടുകാരിക്കും കുഞ്ഞിനുമായി
പലപ്പോഴായി വാങ്ങിക്കൂട്ടിയ സാധനങ്ങൾ
അയാളുടെ കട്ടിലിനടിയിൽകിടന്നു
സംസാരിച്ചു തുടങ്ങിയിരിക്കുന്നു
ഇനിയും അയാളെ അൺഫ്രണ്ട് ചെയ്യാൻ
ഞാൻ മുതിരുന്നില്ല ...ചിരിച്ചുനിൽക്കുന്ന
പ്രൊഫൈൽ പിക്ച്ചറിനു പുറകിലിരുന്ന്
കരഞ്ഞുകൊണ്ട് അയാൾക്ക് ഇനിയും എന്തോ പറയാനുണ്ട്
No comments:
Post a Comment