Jun 1, 2021

കൊച്ചിയിൽ ഇറങ്ങുമ്പോൾ

 

വെള്ളപ്പൊക്കത്തിന്  മുമ്പ്
കൊച്ചിയിൽ ഇറങ്ങുമ്പോൾ   പുറത്ത് 
മഴയിൽ അവനുണ്ടാവും  

പാതിരാത്രിയോ പുലർച്ചയോ  
എപ്പോ വിളിച്ചാലും ഒറ്റ ബെല്ലിൽ 
ഫോണെടുക്കും 

പെട്ടി കയറ്റി വെച്ച് 
ഡോർ അടച്ചിട്ടു  ചോദിക്കും 
“ഫ്ലൈറ്റ് വൈകി അല്ലേ?”

ചാലക്കുടി പാലം കടന്നു 
വണ്ടി ഇടത്തോട്ട് തിരിയുമ്പോൾ 
നേരം വെളുത്തു  വരുന്നുണ്ടാകും 

വണ്ടിയൊതുക്കി ഓരോ 
വെറും ചായ കുടിച്ചു  ഞങ്ങൾ 
റോത്തമൻസു വലിക്കും 

വീടെത്തുമ്പോഴേക്കും 
ഒരു കൊല്ലത്തെ നാട്ടുകഥയൊക്കെ  പറഞ്ഞു തീർക്കും 

ജെ ആൻഡ് ബി ആണ് 
ബ്രാൻഡ് , ഓരോ തവണ 
വിളിക്കുമ്പോഴുംഅത്  ഓർമിപ്പിക്കും 

അവന്റെ ഓരോ മിസ്സ്ഡ് 
കോളുകളും വാട്സാപ്പ്‌ മെസ്സേജുകളും 
എന്നുമെന്നെ നാട്ടിലെത്തിക്കും 

അവനടുത്തുണ്ടലോ 
എന്നുപറഞ്ഞു അമ്മ 
സമാധാനിക്കും 

ഇന്നലെ വിളിച്ചിട്ടും കിട്ടിയില്ല 
ഒറ്റബെല്ലിൽ  ഫോൺ 
എടുക്കുന്നവനാണ്

ഐസൊലേഷനിലും 
ആദരാഞ്ജലി കോളത്തിലും 
നെറ്റ്‌വർക്ക് കിട്ടില്ലലോ 

ജെ ആൻറ് ബിയും റോത്തമൻസുമായി
ഞാൻ വരും വരെ 
നീ കാത്തുനിൽക്കുക 

വെള്ളപ്പൊക്കത്തിന് ശേഷം
കൊച്ചിയിൽ ഇറങ്ങുമ്പോൾ   പുറത്ത് 
നീയുണ്ടാവണം

No comments: