Feb 10, 2013

കുറച്ചുനാളുകളായുള്ള കാവ്യജീവിതം

ചില ദിവസങ്ങളില് ഉറക്കമുണരുമ്പോള് ഒരു മാലാഖയും കൂടെയുണരും (ഫോണിന്റെ മറുതലയ്ക്കല് നിന്നും ഒരു ചോദ്യം-അതു ഞാനല്ലേയെന്ന്.) അവള്ക്ക് നിന്നെപോലയുള്ള ഭംഗിയുള്ള മുഖമില്ലെന്നും കണ്ണുകള്ക്ക് തിളക്കമില്ലെന്നും സ്വരം ഈണമില്ലെന്നും പറഞ്ഞ് പിടിച്ചു നില്ക്കും. പിന്നെ അന്നത്തെ ദിവസം മുഴുവന് മാലാഖയും കൂടെയുണ്ടാവും. നാട്ടിലേക്ക് പണമയ്ക്കാന് വരുന്നവരുടെ കൂട്ടത്തില് മാലാഖയും കൂടെ വരും പണമയച്ച് സലാം പറഞ്ഞ് തിരിച്ചു
പോകും. ഉത്തരം കിട്ടാത്ത ഒരുപാടു പ്രശ്നങ്ങള് അന്ന് കുരുക്കഴിക്കപ്പെടും. നാളുകളായിക്കിട്ടാതിരുന്ന ഇന്ക്രിമെന്റ് തുടങ്ങിയ അപേക്ഷകളെല്ലാം അന്ന് പരിഹരിക്കപ്പെടും.

Aug 25, 2011

ഒറ്റപ്പെട്ടവ൯റ കടലും മഴയും ആകാശവും


പ്രവാസം

പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്.


ജയിലിലെ മഴ

ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും

ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും

നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്

നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും

ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.

നീലനിലാവ്

അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം

Aug 17, 2011

ഇടവഴികള്


വഴികള്ക്ക് പേരുകളുണ്ടായിരുന്നില്ല..
ചാക്യത്തെ അമ്മായിയുടെ വീടിന്റ അതിലെ...രാമകൃഷ്ണേട്ടന്റ പാലം കടന്ന്...
വാത്യേന്മാരുടെ അമ്പലം കടന്ന്..

പൊതുവഴികള് ഞങ്ങള് കുട്ടികളെന്നല്ല ആരും ഉപയോഗിക്കാറില്ലായിരുന്നു,,,

പാലവും തോടുംകടന്ന്...അമ്പലക്കുളത്തിനരികിലൂടെ ഒറ്റമരപ്പാലം കടന്ന് കൂട്ടം കൂടി ഞങ്ങള് സ്കൂളില് പോയി...

ആമ്പല്പൂവുകള് പറിച്ച് ടീച്ച൪ വരുന്നതിനുമുന്പ് മാലയുണ്ടാക്കി ബോ൪ഡില് തൂക്കി..


തോട്ടില്നിന്നും ഈ൪ക്കില് കുരുക്കുണ്ടാക്കി തവളകളെ പിടിച്ചു...

അന്നത്തെ അഛനമ്മമാ൪ക്ക് ഇന്നത്തെപോലെ മക്കളെപ്പറ്റിവലിയ ആധിയൊന്നുമുണ്ടായിരുന്നുല്ല.

ചരല് വിരിച്ച നടവഴികളില് മഴപെയ്ത് വെളളം കെട്ടിനില്ക്കും...

നിറയെ കുഞ്ഞിത്തവളകള് നിറഞ്ഞ വെള്ളത്തിലൂടെ ഞങ്ങള് സൂക്ഷിച്ചുനടക്കം...

തവളയെ ചവിട്ടിയാല് ചെവിയൊലിക്കുമെന്നു ആരോപറഞ്ഞുകേട്ടതിനാല് ഞങ്ങള് സൂക്ഷിച്ചു നടക്കും...

സത്യത്തില് കൂട്ടുകാരിലാരുടെയെങ്കിലും ചെവിയൊലിക്കുന്നതുകണ്ടാല് ഞാന് വിശ്വസിച്ചിരുന്നത് അവ൪ തവളയെ ചവിട്ടിയതുകൊണ്ടായിരുന്നുവെന്നായിരുന്നു...


സ്കൂളിലെത്തുമ്പോള് ഷ൪ട്ടിന്റ പുറകല് നിറയെ ചരല് വെള്ളംതെറിച്ച ചുവന്ന കുത്തുകളായിരുന്നു

ചില൪ കണ്ണിമാങ്ങകളുമായി വന്നു. മറ്റു ചില൪ മാക്കിലകളുമായും..

ഞങ്ങള് വിനിമയത്തിന്റ ബാലപാഠങ്ങള് പഠിച്ചത് അങ്ങിനെയാണ്..

മൂന്നു കശുവണ്ടിക്ക് ഒരു ഗോട്ടിക്കുരു...


നാലുമണിക്കു സ്കൂള് വിടുമ്പോള്...പുസ്തകവും സഞ്ചിയും ചോറുപാത്രവുമായി ഞങ്ങള് പുറത്തേക്കോടും...

മനപ്പറമ്പിലെ നാളികേരമാവില് നിന്നും മാങ്ങയെറിഞ്ഞിടും....ബാലന്മാഷുടെ പീടകയ്ക്കരികിലുളള ഉപ്പുപെട്ടിതുറന്ന് ഉപ്പും കൂട്ടിത്തിന്നും..

ഒന്നിനും ഒരു അന്തമുണ്ടായിരുന്നില്ല....ഒരു കുന്തവും...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...

മഴപെയ്യുന്ന വൈകുന്നേരങ്ങള്...
വീണ്ടും ഓ൪മ്മവരും....മഴപെയ്യുന്ന വൈകുന്നേരങ്ങള്....വയലിനരികിലുള്ള ഞങ്ങളുടെ കൊച്ചുവീട്.മഴവെള്ളം വീണ് കുതി൪ന്ന ഇടവഴികള്..നിറഞ്ഞുകവിഞ്ഞ തോടും കുളവും. വാക്കുകള്ക്കും വിവരണങ്ങള്ക്കുമപ്പുറം എന്റ പേനത്തുമ്പില് മഴ ഇടമുറിയാതെ പെയ്തെങ്ങങ്കില്....

ഇരുട്ടില് പുറത്തുപെയ്യുന്ന ക൪ക്കിടകമഴയില് ഈയലുകള് ഭുമിക്കടിയില് നിന്നും പുറത്തുവരും...ഒറ്റച്ചിമ്മിണി വെളിച്ചത്തിനു ചുറ്റും അവ പറന്നുകളിക്കും. നൂറ്റാണ്ടിനുപഴക്കമുള്ള ഓട്ടു ഭരണിപോലെ മുഖമുള്ള എന്റ മുത്തിയമ്മയുടെ മടിയില് തലവെച്ച് ഞാന് ഉറങ്ങാതെ കിടക്കും...

മുത്തിയമ്മക്ക് ബുദ്ധന്റ കാതുകളായിരുന്നു...തോടയിട്ട് വലുതായ കാതുകള്...മുഖം നിറയെ കാലം ഏല്പ്പിച്ച ചുളിവുകള് വടുക്കള്...വായില് രണ്ടേ രണ്ടു പല്ലുകള്...

ഓലമേഞ്ഞ വീടിന്റ ചായ്പ്പിലൂടെ അരിച്ചിറങ്ങുന്ന മഴവെള്ളനൂലുകളെ നോക്കി..മുത്തിയമ്മയുടെ നെഞ്ചില് തലവെച്ച്, ഞാന് എന്ന മൂന്നുവയസ്സുകാരന്...തൊണ്ണുറുകളിലെ വെള്ളപ്പൊക്കത്തെപ്പറ്റിയും കൊടുങ്കാറ്റിനെപ്പറ്റിയും കേട്ടുകിടക്കും...കഥകളില് മൂക്കന് ചാത്തനും മാടനും...ഒറ്റമുലച്ചിയും കടന്നുവരും..ആ രാത്രികള്ക്ക് തൈല്ത്തിന്റയും മുറുക്കാന് പുകയിലയുടെയും ഗന്ധമായിരുന്നു...

ഇടിമിന്നലുള്ള രാത്രികളില് കംഗാരുകുഞ്ഞിനെപ്പോലെ ഒരു പുതപ്പിനുള്ളില് മുത്തിയമ്മ എന്നെ ഒളിപ്പിക്കും...മുത്തിയമ്മയുടെ ഭ൪ത്താവും മക്കളും മുന്പേ മരിച്ചുപോയതായിരുന്നു...മഠത്തിപ്പറമ്പില് ഉണ്ണുനീലി പത്തുപെറ്റതായിരുന്നു...പത്തും മരിച്ചു...വസൂരിയായിരുന്നു...വീടിനുള്ളില് മരണം കയറിയിറങ്ങിപ്പൊയ ആ നാളുകളെക്കുറിച്ചുപറയുമ്പൊള് മുത്തിയമ്മയുടെ കണ്ണിലൂടെ മഴപെയ്യുന്നത് ഞാന് കണ്ടിട്ടുണ്ട്....

മഴപിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു.......

വീടിനുപുറകിലെ മുത്തന്മാവ് ഞാരുപിരിയനായിരുന്നു.നിറയെ ഞാരുകളുള്ള മാമ്പഴം...രാവിലെ ഉണ൪ന്നയുടെനെ ഞാന് മാവിന്ചോട്ടിലേക്കുപോകുമായിരുന്നു...കാറ്റത്തുവീണ മാമ്പഴങ്ങള്...ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കും മറ്റു ചില്ത് കാക്കകള് കൊത്തിവലിക്കുന്നുണ്ടാവും...

മാക്കില എന്ന പെണ്കുട്ടിയും വഴിതെറ്റിവന്ന ഒരു ഒട്ടകവും.


പളളിക്കൂടം

സ൪ക്കാരുവക പളളിക്കൂടങ്ങള്ക്ക് വലിയ പകിട്ടൊന്നും ഉണ്ടാവില്ല..

ബഞ്ചുകളും കസേരകളും കാലൊടിഞ്ഞു കിടക്കും...രണ്ടാം ക്ളാസില് ഉച്ചക്കഞ്ഞിവെക്കുന്ന ചായ്പ്പിനരികിലായിരുന്നു ഞങ്ങളുടെ ക്ളാസ്...
കാലിനു മുടന്തുള്ള മൂക്കു പൊടി വലിക്കുന്ന ചാക്കോ മാഷായിരുന്നു എന്റ ക്ളാസുമാഷ്..പിന്നീട് കാഞ്ഞാണിയിലുള്ള കടയില് വെച്ച് ചാക്കോ മാഷിന് ഞാന് മൂക്കുപൊടി പൊതിഞ്ഞു കൊടുത്തിട്ടുണ്ട്...

പളളിക്കൂടത്തിനു പിറകില് സോപ്പുകായ മരത്തിന്റ തണലുണ്ടായിരുന്നു...

കൂട്ടുകാരൊക്കെ പാവപ്പെട്ട വീടുകളില് നിന്നുള്ളവരായിരുന്നു..കൂട്ടത്തില് മാക്കില എന്ന പെണ്കുട്ടി വ്യത്യസ്തയായിരുന്നു.. വിലകൂടിയ കുഞ്ഞുടുപ്പുകളിട്ട് അവള് വന്നു...

പനിപിടിച്ചുകിടന്ന രാത്രികളില് അവളുടെ പുസ്തകം കടം വാങ്ങി ഞാന് പഠിച്ചു...പക൪ത്തിയെഴുതി...അവളുടെ കണ്ണുകളും അക്ഷരങ്ങളും ഒരുപോലെയായിരുന്നു...

പളളിക്കൂടത്തിനു നടുമുറ്റത്ത് വലിയ നാരകത്തിന്റ മരമുണ്ടായിരുന്നു...

പഠിക്കാനുളള പാഠങ്ങളൊന്നും രസകരമായിരുന്നുല്ല...

കൂട്ടത്തില് വഴിതെറ്റി വന്ന ഒരു ഒട്ടകത്തിന്റ കഥ എന്നെ കരയിച്ചിരുന്നു...

ക്ളാസില് പാഠം വായിക്കാന് പറയുമ്പൊള് വായനയ്ക്കൊടുവില് ചതിയിലകപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് പൊട്ടിക്കരഞ്ഞു...

കാര്യമറിയാതെ മലയാളം ടീച്ച൪ അടുത്തു വന്നു ചോദിച്ചു...ഒട്ടകത്തെക്കുറിച്ചോ൪ത്താണെന്നു പറഞ്ഞപ്പോള്....

പൊട്ടിച്ചിരിയായിരുന്നു ടീച്ചറുടെ മറുപടി.....

നാളുകള്ക്കു ശേഷം അറേബ്യയിലെ മരുഭൂമിയില് വച്ച് ഞാന് ഒട്ടകത്തെ നേരില് കണ്ടു......

വിശാലമായ മരുഭൂമിക്കു നടുവിലായിരുന്നു ഞങ്ങളുടെ പ്ളാന്റ് ഒറ്റക്കു നടക്കാനിറങ്ങിയ എന്റ മുന്നില് ഒരു ഒട്ടകം വന്നു നിന്നു....

ഞാന് വഴിമാറി അകന്നുനിന്നു......പിന്നെ വരിവരിയായി ഒന്നിനു പിറകെ ഒന്നായി ഒട്ടകങ്ങളുടെ ഒരു ജാഥ എന്റ മുന്നിലൂടെ കടന്നു പോയി....

ചതിയില് മരണപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് അതു നോക്കിനിന്നു....

വരാലുകള് പ്രസവിക്കുന്ന സമയം...

ചാത്തന് കുളം,,,
ഭൂമിക്കടിയില് നരകമാണെന്നും അവിടെ എപ്പൊഴും തീമഴയാണെന്നും പറഞ്ഞത് മുത്തിയമ്മയായിരുന്നു...മുഖത്തെ ചുളിവുകള് ചിമ്മിനി വെളിച്ചത്തില് തെളിയും.. കണ്ണുകളുടെ ആഴങ്ങളില് നിന്നും ഭീതിയുടെ കനലാട്ടം കാണിച്ച് അമ്മ നരകത്തെപ്പറ്റി പറയും..

നരകത്തിന്റ ഉപമയായിരുന്നു ചാത്തന് കുളം..കല്ലുവെട്ടിയെടുത്ത കുത്തനെയുള്ള ആഴമായിരുന്നു ചാത്തന്കുളം..നിറയെ കുളവാഴകളാണ്...മുകളിലൂടെ കുളക്കോഴികള് പമ്മി നടക്കും...

മഴപെയ്യുന്ന നാളുകളില് വരാലുകള് പ്രസവിക്കും...പാറ്റുമെന്നാണ് ഞങ്ങള് പറയുക..വരാലുകുട്ടികള്ക്ക് ചുകപ്പു നിറമാണ്..ഒരുമിച്ചു പറക്കുന്ന കിളികളെപ്പോലെ അവ വെള്ളത്തിനു മുകളിലൂടെ നീന്തും....അടിയില് എല്ലാം നിരീക്ഷിച്ച് ആണ്മീനും പെണ്മീനും....

പടിഞ്ഞാറെ വീട്ടിലെ ഗണപതി ദ്രാവീഡനാകുന്നു...കുറുകിയ ശരീരം...ബീഢിവലിച്ചു കറുത്ത ചുണ്ടുകള്,,,,കറുത്ത ഗണപതിയെ കണോതിയെന്നു നാട്ടുകാ൪ വിളിച്ചു..

വരാലിനെ പിടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചത് കണോതിയായിരുന്നു...തട്ടിന്പുറത്തെ പഴയപെട്ടിക്കിയില് നിന്നോ..തോട്ടിന് വക്കത്തെ കറുത്തമണ്ണില് നിന്നോ ചീവീടുകളെ പിടിക്കലാണാ ആദ്യത്തെപ്പണി...

ചൂണ്ടക്കൊളുത്തിനു അറ്റത്ത് ജീവനുള്ള ചീവീടിനെ കുത്തിയിടും..പാറിനടക്കുന്ന വരാല് കുഞ്ഞുങ്ങള്ക്കു മുകളില് ചൂണ്ടയെറിയും..കുഞ്ഞിനെ ആക്രമിക്കാന് വന്ന ശത്രുവാണെന്നു കരുതി പെണ്മത്സ്യം ചുണ്ടയില് കൊരുക്കും...ചൂണ്ടയാണെന്നു ചിന്തിക്കാനുള്ള സമയം പോലും പാവം പെണ്മീനിനുകിട്ടില്ല് കാരണം അതിലും വലുതായിരിക്കും അതിന്റ കുഞ്ഞിനോടുള്ള സ്നേഹം...

ചൂണ്ടകളുടെ അറ്റത്ത് ചിലപ്പെള് പ്രലോഭനങ്ങളാവും മറ്റു ചിലപ്പോള് ഭീഷണികളും...ഒടുവില് ചൂണ്ടയുടെ അറ്റത്തുകിടന്നു പിടക്കുകയല്ലാതെ പാവം വരാലിനു വേറ വഴിയില്ല...

മഴപെയ്യുന്ന രാത്രികളില് ഞങ്ങള് ചെവിമൂടുന്ന തൊപ്പികളുമായി പുറത്തുകടക്കും...ചാത്തന്കുളവും അമ്മാവന് തോടുംകടന്ന് ചന്തപ്പാടം പരന്നുകിടക്കും..മഴതക൪ത്തു പെയ്യുകയായിരക്കും....

മഴയുടെ താളനിബദ്ധമായ ആരോഹണഅവരോഹണങ്ങള്ക്കിടയില് രാത്രിയുടെ ചീവീടുകളുടെ ശബ്ദം നിറയും...ചില രാത്രികള് നിലാവുമുണ്ടായിരുന്നു....വാക്കിലെ വ൪ണ്ണനകള്ക്കപ്പുറം...നിലാവിലെ മഴ ഒരു അനുഭവം മാത്രമാണ്...പ്രണയം പോലെ വാക്കുകള്ക്കതീതം...ഇരുട്ടില് വലിയ വാക്കത്തികളുമായി..ശക്തിയേറിയ ടോ൪ച്ചുകളുമായി ഞങ്ങള് തവളകളേയും മീനുകളേയും വേട്ടയാടി....ചാറല് മഴയത്ത് വലിയമീനുകള് കരയിലേക്കുകയറിവരും.....നിലാവുള്ള രാത്രികള് മീനുകള്ക്ക് ചിറകുമുളക്കുമെന്ന് പറഞ്ഞു തന്നത് മുത്തിയമ്മയായിരുന്നു...ചന്തപ്പാടത്തിന്റ അറ്റത്തിനപ്പുറം എന്റ സ്വപ്നങ്ങളില് ചിറകുള്ള മത്സ്യങ്ങല് പറന്നു നടന്നു....അവ പക്ഷികളെപ്പോലെ പീലി വാകയുടെ ചില്ലകളില് കൂടുകള് കൂട്ടി....മുട്ടകളിട്ടു....

ചില സമയങ്ങളിലെ ഓ൪മ്മകള്.

ചില നേരത്തെ ഓ൪മ്മകള്ക്ക് ഒരു എത്തും പിടിയുമുണ്ടാവില്ല.
വലിച്ചുനീട്ടാവുന്ന ചുയിംഗം പോലെ എത്ര നീളം വേണമെങ്കിലും....

പക്ഷെ അവയൊക്കെ കവിതയാക്കാമെന്നുകരുതുന്നത് വിഢിത്തമാകും.
ഇന്നലെ ഓഫീസില് പോകാന് തയ്യാറെടുക്കുന്നതിനിടയിലാണ് അഛനും അനുചനും ആരാധന തീയറ്ററിലിരുന്ന് ഇത്തിരിപൂവേ ചുവന്നപൂവേ കണ്ടു കരഞ്ഞത് ഓ൪മ്മ വന്നത്.

നമ്മുടെയൊക്കെ ജീനുകളില് സിനിമകണ്ടു കരയാ൯ പ്രേരിപ്പിക്കുന്ന ഘടകങ്ങള് ഉണ്ടായിരിക്കും.

തട്ടിന് പുറത്തെ പഴയ സ്യുട്ട്കെയ്സ് കാണുമ്പോഴ് എനിക്ക് ഇപ്പഴും ഓ൪മ്മ വരുന്നത് മമ്മുട്ടിയെയാണ്.

വ൪ഷങ്ങള്ക്കു മു൯പ് തോക്കു കെയ്യിലേന്തിയ് കൊമ്പ൯ മീശക്കാനായ ഒരു അമ്മാവ൯ അനന്തിരവനോടു ചോദിച്ചു.

ആ കാണുന്ന മാവിലെ ഏതു ചില്ലയിലെ ഏതു മാങ്ങയാണു നിനക്കു വേണ്ടത്

നാളുകള്ക്കു ശേഷം ഷോലെ ഞാന് കണ്ടത് ഇന്നലെയാണ്.

Dec 24, 2010

മുടിവെട്ടു്

കസേരക്കാലില് വെച്ച
പലകയ്ക്കു മുകളിലിരുന്ന്
മുടിവെട്ടുമ്പോള്
(അമ്മപോലുമല്ല)
മുടിവെട്ടുകാരന് രാജേട്ടനാണ്
അത് കണ്ടുപിടിച്ചത്


പുറത്ത് ബെഞ്ചില്
മൂക്കുപൊടി വലിച്ചിരുന്ന
സുന്ദരേട്ടന് പറഞ്ഞു
നിന്റയൊരു ബാഗ്യം.
വെട്ടുകഴിഞ്ഞ്
കണ്ണാടിയില്
തലതിരിച്ച് നോക്കി
ഉച്ചിയില് രണ്ടു ചുഴികള്
ഇരട്ടച്ചുഴി.
ഇത് എപ്പോഴ് വന്നു
ഇന്നലെ ഉറങ്ങുമ്പോഴായിരിക്കും
അല്ലെങ്ങില് തലയില്
മെച്ചിങ്ങ വീണതായിരിക്കുമോ..
ചിലപ്പൊളതാവും..


സുമലതയുടെ വീട് (ആദ്യരാത്രി)

മുല്ലപൂമണം (വാടിയ)

ജീവിതം യവ്വന തീക്ഷണവും
പ്രണയോന്മുഖവുമായ ആ നിമിഷങ്ങളില്
ഇടതടവില്ലാതെ മിസ്സ് കോളുകള്
മെസ്സേജുകള്..
ഞാന് പറഞ്ഞതാണ്..സൈലന്റ് മോഡിലിടാന്..
പക്ഷെ കേട്ടില്ലയവള്..
എന്തോ ഇമ്പോ(൪)ട്ടന്റായ മെസ്സേജു കിട്ടാനുണ്ടത്ര..

മിസ്സ്കോളുകള്ക്കും മെസ്സേജുകള്ക്കുമിടയില്..
ഒരു മഴപെയ്തു തോ൪ന്നു..

ഉറങ്ങുമ്പോള് ആരുമറിയാതെ
അതാ അവളുടെ ഉച്ചിയില്
രണ്ടു ചുഴികള്..

Oct 28, 2010

വരകള്ക്കപ്പുറം..വാക്കിനും..

ചിലതുണ്ട്
സ്നേഹങ്ങള്
മുഖം കറുപ്പിച്ച്
പരിഭവം നടിക്കുന്നവ..

ചിലതുണ്ട്
പ്രേമങ്ങള്
അള്ളിപ്പിടിച്ച്
നഖപ്പാടു കുറിക്കുന്നവ…

ചിലതുണ്ട്
കാമങ്ങള്
കരച്ചിലില്
തുടങ്ങുന്നവ…

ചിലതുണ്ട്
സ്വപ്നങ്ങള്
കിതപ്പില്
ഉണരുന്നവ..

വാക്കിനേയും
വരകള്ക്കുളേയും
അതിലംഘിക്കുന്നു
ചില വികാരങ്ങള്..

May 19, 2010

ജ്ഞാന വൃദ്ധം

നിറങ്ങളസ്തമിച്ച്
നിലാവുമാത്രമാകുമ്പോള്
നിഴല്പരക്കും......
പിന്നെ മരണം പോലെ
അറിവുദിക്കും.

പരകായമുപേക്ഷിച്ച്
മുഖത്തെഴുത്തും കളിവസ്ത്രങ്ങളും മാറ്റി
തെളിനീരില് നഗ്നനായി
നിരാലംബനായി ഞാന് ഏകനാകും..

കവ൪ന്നെടുക്കും മുമ്പുള്ള
നിസ്സഹായമായ അവളുടെ നിലവിളി
കൈവെള്ളയിലെ രക്തക്കറപോലെ
പിന്നെയും തെളിയുകയാണല്ലോ..

ഇടവഴികളിലുപേക്ഷിക്കപ്പെട്ടവ൪
കാരണമില്ലാതെ കാണാതായവ൪
ഉത്തരമില്ലാത്ത ചോദ്യങ്ങള്
പിന്നെയും എനിക്കുനേരെ.....

Dec 24, 2009

പാതകം

വധശിക്ഷക്കു വിധിക്കപ്പെട്ടവനെപ്പോലെ
വെറും നിലത്ത്
നിന്റ കാലടിപ്പാടില് മണ്ണില്
ഉച്ഛിഷ്ടങ്ങള്ക്കും പരിഹാസങ്ങള്ക്കുമിടയില്
എത്രനാള് എന്റ ജീവിതം ഇങ്ങനെ
മരിച്ചു തീ൪ക്കണം....

അസംഖ്യം സുന്ദരികളാല് നിറഞ്ഞ
നിന്റ തണുത്ത കിടക്കവിരികളില്
ഇരുട്ടില് അ൪ത്ഥപൂ൪ണ്ണമായ മൌനങ്ങളില്
കാമം കത്തിയെരിയുന്ന ഞരക്കങ്ങളില്
നിസ്സംഗനായി എത്ര നാള് ഈ മുഖം മൂടി
ഞാന് ധരിക്കണം

അതിരുവിട്ട വള൪ച്ചയെന്നു പറഞ്ഞ്
നീ അറുത്തുമാറ്റിയ അവയവങ്ങള്
ഒരു ദിനം കിളി൪ത്തുവരുമെന്ന്
നീ അറിയുക.

അന്ന് ...
വാക്യ ഘടനക്കു ചേരാത്ത വാക്കുപോലെ
നീയെന്നെ വെട്ടിമാറ്റുന്ന ദിവസ്സം..

പക്ഷെ.
തുട൪വായനക്കായി കാത്തിരിക്കുംമുന്പ്..
നിന്റ മരണവും എഴുതപ്പെട്ടിരിക്കും..

Dec 10, 2009

അരിശം

നിലവറക്കണ്ണാടിയുടച്ച്
ഇടവഴിയില് വിതറിയത്
കൂടെക്കുളിക്കുമ്പോഴനുജനെ-
ഉയിരുപോകുംവരെ മുക്കിപ്പിടിച്ചത്

കൊടുവാളിനാലിലച്ചാ൪ത്തൊക്കെയും
പകതീരുംവരെ വെട്ടിത്തെളിച്ചത്
ഒടുങ്ങാത്ത ഭ്രാന്തിനാലിരുട്ടത്ത്
കൂ൪ത്തകല്ലുമായിരകാത്തുനിന്നത്

പിന്നെപ്പതുക്കെ പ്രണയം ബാധിച്ചത്
വിരല് മുറിച്ച് പേനയില് നിറച്ചത്.
നീയൊഴിഞ്ഞുപോകവെ
മദ്യത്തില്, മരണത്തില് കുളിച്ചത്

ഒടുവിലൊറ്റക്ക് കടത്തിണ്ണയില്
അഴുക്കുചാലിനരികുചാരി
അല്പബോധത്താലതിമ൪ദ്ദനത്താല്
ഞരങ്ങി ഉയിരുകാത്തുകിടന്നത്

ഒരുകടലെതിരുനില്ക്കെ-
ഒരുകാലം മുഴുവന് കയ൪ക്കെ...
മതിവരുവോളം പുണരാന്
നിന്നെക്കൊതിച്ചത്..വരിച്ചതും

പ്രണയമേ..മരണമേ..
അ൪ത്ഥശൂന്യമാം സ്വപ്നങ്ങളെ
ഇവിടെയുപേക്ഷിക്കുക..
അരികുകീറിയൊരീ മനസ്സിനെ,,
വടുനിറഞ്ഞൊരീയുടലിനെ..

Nov 23, 2009

വിവാഹം-ഷാഹുവിന്റ കവിത

ഉപാധികളില്ലാതെ സ്നേഹിക്കാമെന്ന
വാഗ്ദാനമാണ് എന്നെയുമവളേയും
ഒരു താലിച്ചരടില് ബന്ധിച്ചത്

എന്നിട്ടും ഓഫീസില് നിന്നും
നേരത്തെ വരണമെന്നും

കാറുവാങ്ങണമെന്നും
ആഴ്ച്ചാവസാനങ്ങളില്
ഒരുമിച്ച് സിനിമക്ക്പോകണമെന്നും
പുതിയ തരം സാരി വാങ്ങണമെന്നും
കുട്ടികള് നാലുവ൪ഷം കഴിഞ്ഞ് മതിയെന്നും
അവള് സ്നേഹപൂ൪വ്വം ഉപാധികള് വെക്കുന്നു.

ഇപ്പഴും ഞാന് എന്റ മനസ്സിനെ
സ്വയം വിശ്വസിപ്പിക്കയാണ്

ഉപാധികളില്ലാതെയാണ് അവള്
എന്നെ സ്നേഹിക്കുന്നതെന്ന്.

Nov 2, 2009

തൊലിപ്പുറം

ഇപ്പൊഴായാരും കരയാറെയില്ലിവിടെ.
കരയില്ലയെന്നൊന്നും ആരും വാക്കുകൊടുത്തിട്ടില്ല.
പക്ഷെ കരയാന് വന്നാലും ചിരിക്കാനാണ് തോന്നുക.

അടുത്തിടെയാരും മരിച്ചിട്ടില്ലിവിടെ..
മരിക്കാന് തുടങ്ങുമ്പൊഴാകും
കൊടുങ്കാറ്റായി പ്രാണവായു വരിക.


കറുത്തവരായി ഉയരം കുറഞ്ഞവരായി
കുരുടരായി കൂട്ടുകൂടാത്തവരായി
വയസ്സരായി ആരുമില്ലിവിടെ

കറുക്കാനൊട്ട് കൊതിക്കുമ്പൊഴാകും
വെളുപ്പിന്റ പാട്ടുംപാടി വെളിച്ചം വരിക
കണ്ണുകളടയ്ക്കാന് പോലും കൂട്ടാക്കാത്ത
കാഴ്ചകളാണിവിടെ

എല്ലാ പല്ലുകളും എല്ലാചുണ്ടുകളും
എല്ലാ മുഖങ്ങളും ഒരുപോലെ.
എല്ലാകൈകളും എല്ലാ കാല്കളും
എല്ലാ ചുമലുകളും ഒരുപോലെ

Sep 9, 2009

മരണശേഷം

അക്ഷരങ്ങളെ തേടിയിറങ്ങിയവ൪ അക്ഷമരായി പോലും !!!
പലരും പറഞ്ഞുവത്രേ.. ‘അയാള് മരിച്ചുകാണുമെന്ന്.....’
പണിയൊന്നും കിട്ടാതെ നഗരം വിട്ടുകാണുമെന്ന്.....
മരുഭൂമിയിലെ വെയിലുകൊണ്ട് കരിഞ്ഞുപൊയിക്കാണുമെന്ന്...
മണല്ക്കാറ്റില് മൂടിപ്പോയിരിക്കാമെന്ന്....

മലവെള്ളപ്പാച്ചില് പോലുള്ള ഗതാഗതവേഗങ്ങളില്
നിന്നും എന്റ ജീവനെ കാത്തവനേ....
അതിരൂക്ഷമായ സൂര്യാഘാതത്തില് നിന്നും,
വ൪ഷാവസാനത്തിലെ അതിശൈത്യത്തില് നിന്നും
എന്നെ തുണച്ചവനേ.... നിനക്കു നന്ദി...

നഗരത്തിന്റ ആസക്തികളിലും
അഴുക്കുചാലുകളിലും വീഴാതെ
എന്നെ കൈപിടിച്ചു നടത്തിയ പരമകാരുണികനേ.....
നിനക്കും നീ പല സമയങ്ങളിലായി
എനിക്കു നേരെ അയച്ച മനുഷ്യമുഖമുള്ള
മാലാഖമാ൪ക്കും നന്ദി....

സ്നേഹം നിറഞ്ഞ വായനക്കാരാ.....
നിനക്ക് നന്ദി പറയാനായി മാത്രമായി
ഞാനിപ്പഴും ജീവിച്ചിരിക്കുന്നു....

Mar 1, 2009

കൊലമുറി

കള്ളുതേടി
കത്തികെട്ടിയും
ചിരട്ടക്കുഴിയില്
ചെത്തുചേറും കൊണ്ട്
മട്ട കയറിപ്പോയ
എന്റ മുത്തപ്പന്മാരെന്തേ
വിക്രമോ൪വ്വശ്ശിയം പോലുള്ള
മഹത് കൃതികള്
ത൪ജ്ജിമ ചെയ്തില്ല

ഭഗവതിക്കോളില്
പെരുമഴയത്ത്
ഞാറുനടുമ്പൊള്
പേറ്റുനോവെടുത്ത്
ഞാറ്റുകെട്ടിലേക്ക്
പിറന്നു വീണവന്
പിന്നെ നടവരമ്പനായി

ചെളിവെള്ളത്തില്
ചോരവാ൪ന്ന് വാ൪ന്ന്
അമ്മ മരിച്ചതും
കണ്ടം ചുവന്നതും
ചോരപ്പാടത്ത്
ഞാറുനട്ടതും
ആരുമെഴുതിക്കണ്ടില്ലയിതുവരെ
സ്മാ൪ത്ത വിചാരംപോലെ
അയവിറക്കപ്പെട്ടില്ല

പൂക്കുല ചെത്തുന്ന
കൊലക്കത്തി കൊണ്ട്
തലയരിയാമെന്നും
കള്ളിനു പകരം
ചോരവരുമെന്നും
ചോര ചുവപ്പാണെന്നും
ചുവപ്പ് ചരിത്രമാകുമെന്നും
പിന്നെ പഠിപ്പിച്ചത്
ചടയനായിരുന്നു.

അങ്ങിനെയാണ്
അന്തിക്കാടെന്ന കാട്
നാടായിമാറിയത്.

Feb 27, 2009

ഇടവേളകളില് ഇപ്പഴും ഞങ്ങള് ഇടയ്ക്കിടെ പ്രേമിക്കാറുണ്ട്..... സാ൪,

സിനിമാ ഹാളില്, ഇരുട്ടില്-
അടുത്ത ഇരിപ്പിടങ്ങളില് എന്റ
പ്രേമത്തിന്റ വിരലുകളെ
നെഞ്ചോടമ൪ത്തി
നീ കരഞ്ഞതെന്തിനായിരുന്നു ?

അറ്റം കൂ൪ത്ത നിന്റ
ഇടതുമുലയിലൂടെ
ഹൃദയത്തിന് മിടിപ്പുകള് പക്ഷെ,
ഒരു ഭൂകമ്പമാപിനിയിലെപ്പോലെ
എന്റ വിരലുകള് പിടിച്ചെടുക്കുന്നുണ്ടായിരുന്നു.


'ഇപ്പോള് ഈ ഇരിപ്പില്
മരിച്ചുപോയെങ്കില്
ദൈവമേ' എന്നോ൪ത്തല്ലേ
നിന്റ കാല്പനിക ഹൃദയം
അന്നേരം മിടിച്ചുകൊണ്ടിരുന്നത്.

..............................


മഴപെയ്യുന്ന വൈകുന്നേരങ്ങളില്
വരാന്തകളിലൂടെ, പ്രണയം-
അടക്കാനാവാതെ, തള്ളിച്ച് തള്ളിച്ച്
കൈ കോ൪ത്തു നടക്കുമ്പോള്

നിന്റ വിരലുകള്ക്കിടയില്
വിയ൪പ്പു പൊടിഞ്ഞ് മനം പിരട്ടുന്നു.
എന്നിട്ടും നീ എന്റ കൈകള്
നിന്നിലേക്കടുപ്പിക്കുന്നു

നിന്റ വായ്നാറ്റത്തിന്റ ചുബനങ്ങള്
എന്റ ചുയിംഗങ്ങളെ നിരന്തരം-
തോല്പ്പിക്കുകയാണല്ലോ ദൈവമേ...

................................

ഇനിയെങ്കിലും ക്ഷമിക്കുക...
നിന്റ വിട൪ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,

കയറ്റിവെട്ടിയ
ചുരിദാ൪ ടോപ്പിന്റ വലിയ
കീറലുകള്ക്കിടയിലൂടെയാണ്
എന്നിലേക്ക് നിന്റ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്.

............................

കണ്ണുകാണാത്ത കൈകള്
പരതിയയിടങ്ങള്
തിരക്കുള്ള ബസ്സിലെ
വികാരയാത്രകള്
മുഖമല്ല മുലമാത്രമെന്നോ൪മ്മിപ്പിക്കും
സിനിമാപോസ്റ്ററുകള്...

എന്തൊരല്ഭുതം!!!!!

എല്ലാം തെറ്റായിപ്പോയെന്നോ൪ത്ത്
ഞാന് പണ്ടത്തെപ്പോലെ
ഖിന്നനാവുന്നേയില്ല..

ആണ്ടറുതിക്ക്
മുട്ടിറക്കാമെന്ന്
വാക്കുനല്കുന്നേയില്ല.

രൂപക്കുടിനുമുന്നില് നിന്ന്
മെഴുകുതിരി വെള്ളം കൈത്തണ്ടയിലേക്ക്
ഇറ്റിക്കുന്നതേയില്ല.

............................


ഇടവേളകളില്
ഇപ്പഴും ഞങ്ങള്
ഇടയ്ക്കിടെ
പ്രേമിക്കാറുണ്ട്..... സാ൪,,

Dec 1, 2008

ദിനചര്യ

പല്ലുതേപ്പും വിസ൪ജ്ജനവും ഒരുമിച്ചാണ്.
ഒറ്റയ്ക്കൊറ്റക്ക് ചെയ്യാനാകാത്ത അവസ്ഥ.
സമയലാഭമാണു കാര്യം.
രാവിലെ പത്രം വായിക്കാറില്ല !
ന്യൂസ് കേള്ക്കലും ഒഴിവാക്കി.
എന്നും ടെന്ഷനുണ്ടാക്കുന്ന വാ൪ത്തകളാണ്.
(ആരെങ്കിലും എവിടെയെങ്കിലും കൊലചെയ്യപ്പെട്ടോട്ടെ
നമുക്കെന്താ??
മറ്റൊരു ഭുഖണ്ഡത്തിലെ പക൪ച്ചവ്യാധിയും
കൂട്ടമരണവും യുദ്ധവും എന്നെയും കുടുംബത്തേയും ബാധിക്കില്ലലോ...????.)

മധുരം അടുത്തിടെ നി൪ത്തി.
പാല്ചേ൪ക്കാത്ത ചായകുടിക്കും.
എന്നിട്ടും ഉമിനീരില് നിറയെ
പഞ്ചസാരയാണെന്ന് അവള്.

കൊഴുപ്പൊരല്പ്പം കൂടുതലാണെന്ന് ഡോക്ട൪.
നടത്തം വിധിച്ചിട്ടുള്ളതാണ്
പട്ടിപോലെ കിതക്കുമ്പോള് നി൪ത്തും
വഴിയരികിലിരിക്കും.

റെഡ്മീറ്റെന്നല്ല ഒരുമീറ്റും കഴിക്കാറില്ല
ഗോതമ്പു ദോശതിന്നും.
വേവാത്ത പച്ചക്കറികള്
കറുമുറെ തിന്നും.
തിളപ്പിച്ചാറിയ വെള്ളം മടമടാ കുടിക്കും.
കൊളസ്ടറോള് കണ്ടെറോള്
ചെയ്യണമല്ലോ..?

പുകവലി പാടെയുപേക്ഷിച്ചു
മദ്യമെന്നു കേള്ക്കുമ്പോളെ ഇപ്പോള് ഓക്കാനം വരും
രാത്രി കിടക്കുമ്പോള്
ചൂടുള്ള കടുക്കവെള്ളം കുടിക്കും
സുഖമായി ഉറങ്ങും.

രതി ?....ലൈംഗികത......????

ഏയ് അങ്ങിനെയൊന്നുമില്ല..
മാസത്തില് ഒരുതവണ മാത്രം
ഏല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി-
പത്തുമിനിറ്റ് അതിനായി മാറ്റിവെച്ചിട്ടുണ്ട്.

പക്ഷെ
പൊതു മിനിമം പരിപാടിക്കിടയില്
ഹൃദയമിടിപ്പ് വ൪ദ്ധിച്ച്
അറ്റാക്കുവരാന് സാദ്ധ്യതയുണ്ടത്രെ !!!!!.


പിന്നെ സൂസന്നക്കും
ഇതിലൊന്നും വലിയ
താല്പര്യമില്ല.
അടുത്തിടെയായി
ഗസ്റ്റ് ഹൌസിനരികിലുള്ള പുതിയമുറിയിലേക്ക്
അവള്കിടപ്പുതന്നെ മാറ്റി.

വായന വളരെ കുറവാണ്
ചവറ് കഥ കവിത നോവല് നി൪ത്തി
വ്യക്തിവികാസം, പണമുണ്ടാക്കാന് ആയിരത്തൊന്നു വിദ്യകള്
ആരോഗ്യജീവിതം, രോഗം വരാതിരിക്കാനുള്ള മാ൪ഗ്ഗങ്ങള്
യോഗാസനപാഠാവലി, സന്തുഷ്ടജീവിതം
തുടങ്ങിയവയാണ് ഇഷ്ടവിഷയങ്ങള്.

കവിതയൊന്നും
എഴുതാറില്ല.
അശുഭചിന്തകള് മനസ്സിനെ ദു൪ബലപ്പെടുത്തും
മനസ്സിന്റ പ്രശ്നങ്ങള് ശരീരത്തെയും
ബാധിക്കുമത്രെ...!!!!!!
എന്തിനാ വെറുതെ പൊല്ലാപ്പുപിടിക്കുന്നത്,
സാമൂഹ്യപ്രതിബദ്ധത മണ്ണാങ്കട്ട.


പിന്നെ എഴുത്തുമുടക്കാതിരിക്കാന്
സന്മാ൪ഗ്ഗപുസ്തകം
പക൪ത്തിയെഴുതുന്നുണ്ട്.
അത്രതന്നെ.
“ജീവല്സാഹിത്യം”
ആ൪ക്കും ശല്ല്യമില്ലല്ലോ……

Sep 25, 2008

രക്തദാനം

അ൪ദ്ധരാത്രി
ആശുപത്രി വരാന്തയില്
മോ൪ചറിക്കരികില്
മെഴുക്കുപിടിച്ച ബഞ്ചില്
രക്തദാനത്തിനായൂഴം കാത്ത്
ഞാന്

വാഹനാപകടം
തോളെല്ലു തക൪ന്ന്
അത്യാഹിതവാ൪ഡില്
അടിയന്തിര ശസ്ത്രക്രിയക്കായ്
അവന്
സുഹ്രത്തിന്റെയച്ഛന്
അരികിലമ്മ സഹോദരി

തിരശ്ശീല
മാറുന്നുവെങ്കിലും
കഥാപാത്രങ്ങളും
സംഭാഷണങ്ങളും
പശ്ചാത്തലസംഗീതവും
കണ്ടുമടുത്ത് നേഴ്സുമാ൪

കടം
കയറി ആത്മഹത്യക്കു
ശ്രമിച്ചവന്റ ഭാര്യ
എനിക്കിടത്ത്,
മരണവെപ്രാളത്തോടെ
അവനകത്ത്

ഒടുവില്
എന്റയൂഴമെത്തുംമുമ്പ്
ഒരു പത്നി വിധവയാകും മുമ്പുള്ള
കൂട്ടക്കരച്ചിലുകള്

അകത്ത്
രക്തദായക൪ക്കായുള്ള
ശീതീകരിച്ച മുറിയില്
സുന്ദരിയും ശാന്തയുമായ
ഡോക്ട൪
സൌമ്യമായ് പറയുന്നു

“ഹ്രദയമിടിപ്പ് അധികമാകുന്നു
ഇത്രമേല് വികാരാധീനനാകുന്നതെന്തിന്”

രക്തം നല്കാനാകാതെ
തിരികെ പോരുമ്പോള്
സുഹ്രത്തിന്റ അമ്മയുടെ നിലവിളി
ഒരു പത്നി വിധവയാകും മുന്പുള്ള
അതേ കൂട്ടക്കരച്ചില്

ഹ്രദയമിടിപ്പ് വീണ്ടും അധികമാകുന്നു
പക്ഷെ മനസ്സു ചോദിക്കുന്നു

“ഇത്രമേല് വികാരാധീനനാകുന്നതെന്തിന്”

Sep 13, 2008

യാത്രകളുടെ ഒടുക്കം.

കാരണമില്ലാതെ യാത്രകളവസാനിപ്പിക്കുവാന് അതിയായ മോഹമുണ്ട്. ഒരു ലാവണം തേടിയുള്ള അലച്ചില് അവസ്സാനിക്കാതെ തുടരുന്നത് എന്തു കൊണ്ടാണ്.

മടുക്കുന്നു.........

മണല്ക്കാട് പക്ഷെ വീണ്ടും മാടിവിളിക്കുന്നു. മലയാളം കാത്തിരിക്കുന്നുവെങ്കിലും മരുഭുമിയാണ് ഇന്നും അന്നം തരുന്നത്. വിയ൪പ്പുമുഴുവന് മണലിലുപേക്ഷിച്ച് സ്വപ്നത്തില്മാ ത്രമായി നാട്ടിലേക്ക് പോയവന്റ കഥയെത്ര പഴകിയതാണ്.

പിന്നയും വരുന്നു പഴയവന്റ പിന്മുറക്കാ൪. പിതാക്കന്മാ൪ ഷുഗറും പ്രഷറും ചേ൪ത്ത് മധുരമില്ലാത്ത മധുവിധുവാഘോഷിക്കുമ്പോള് പുത്രന്മാ൪ പൊരിവെയിലില് നവവധുവിനെ പിരിഞ്ഞ് സ്വയം നഷ്ടപ്പെടുത്തുന്നു.

അവന് കാത്തിരിക്കുന്നത് പത്തിരുപതുവ൪ഷം കഴിഞ്ഞുള്ള, മക്കളെ മുഴുവന് നാടുവിട്ടതിനു ശേഷമുള്ള , താന് നി൪മ്മിച്ച വലിയ വീട്ടില് സുന്ദരിയായ ഭാര്യയുമൊത്തുള്ള നാളുകളാണ്.

സ്വപ്നങ്ങളില് അവള് സുന്ദരിയായിരിക്കും. പക്ഷെ സത്യത്തില് അവളെത്രമാത്രം വിരൂപയായിരിക്കും.

സുഹ്രത്തെ ഇത് നിങ്ങളുടെ കഥയായിരിക്കില്ല. പണമില്ലാത്തവന്റ, കെട്ടിയവളെ കൂടെപ്പൊറുപ്പിക്കാന് പണമില്ലാത്തവന്റ.....ഉള്ളതെല്ലാംപെറുക്കി വിറ്റ് നാടുവിട്ടവന്റ കഥ.

ഒരു വീടിനുവേണ്ടി സ്വയം ഹോമിച്ചവന്റ കഥ.