Jun 19, 2020

സമാനതകളുടെ മധ്യവേനലവധികൾ

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?....
ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഭൗതിക ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നുണ്ടോ?
അതിനും ഉത്തരം ഇല്ല എന്നാകാൻ തരമില്ലല്ലോ.
ചുരുക്കത്തിൽ പറയുകയാണെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അത് അർഹിയ്ക്കുന്ന രീതിയിൽ ഒരു പ്രതിപ്രവർത്തനം ഉണ്ടാകും  എന്നത് ഒരു പ്രപഞ്ചിക സത്യം (Universal Truth ) ആണ്.
ഇവിടെപറയുന്നത് മരണത്തിനും ജീവിതത്തിനുമിടയിൽ നടന്ന രണ്ടു സംഭവ കഥകളാണ് രണ്ടു കഥയിലും ഒരാളുടെ ധൈര്യപൂർണ്ണമായ സാഹസികത്വം മറ്റൊരാളുടെ ജീവനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തി .

ആദ്യ സംഭവം നടക്കുന്നത് 1960 കളിലാണ് , അന്ന് ചാത്തൻ കുളത്തിൽ ആഫ്രിക്കൻ പായലു കൾ നിറഞ്ഞിട്ടില്ല. ഇടയ്ക്കിടെ കാണുന്ന ആമ്പൽ ചെടികളൊഴിച്ചാൽ അഞ്ച് ഏക്കറയോളം വിസ്തീർണമുള്ള വലിയ കുളത്തിലെ വെള്ളം തെളിനീര് പോലെ ശുദ്ധമായിരുന്നു.അടുത്തുള്ള പാടശേഖരങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചിലധികം വലിയ കൈതോടുകളും കനാലുകളുമുള്ള ആ വലിയ കുളം ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ  ജലാലാശയമായിരുന്നു. വേനൽക്കാലത്ത് അടിത്തട്ടിൽ നിന്നും പാറ പൊട്ടിച്ചും മണ്ണ് എടുത്തും ഉണ്ടാക്കിയ അഗാധ ഗർത്തങ്ങളിൽ ചാത്തൻമാർ കുടിയിരിയ്ക്കുന്നുണ്ടെന്ന്  ഞാനുൾപെടെയുള്ള കുട്ടികൾ കരുതി പോന്നു.
മഠത്തിപറമ്പിൽ കേശവനു രണ്ടു പെൺ മക്കളുണ്ടയിരുന്നു .ലളിതയും പത്മിനിയും. ഇരട്ടകളാണെങ്കിലും അവർ ഒരു പോലെയല്ലായിരുന്നില്ല കാഴ്ച്ചയിൽ . രണ്ടാളും പത്താം തരം പരീക്ഷയെഴുതി റിസൾട്ട് കാത്തിരിയ്ക്കുന്ന  ഒരു വേനലവധിക്കാലം ,കുളത്തിൻ്റെ പടിഞ്ഞാറെ കടവിൽ നിന്നു കൊണ്ട് വസ്ത്രം അലക്കുകയായിരുന്നു രണ്ടു സഹോദരിമാരും ,കുളത്തിൻ്റെ മറുകരയിൽ സ്കൂള വധികാലം കുളിച്ചാഘോഷിക്കുകയായിരുന്നു അയൽപക്കത്തെ വീടുകളിലെ കുട്ടികൾ. കുളത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മാവിലേയ്ക്ക് വലിഞ്ഞു കയറി   മുകളിൽ നിന്നും എടുത്തു ചാടുന്നുണ്ട് ചിലർ .ആമ്പൽ ചെടികൾക്കിടയിലൂടെ മുങ്ങാൻ കഴിയിട്ടു കളിയ്ക്കുന്നുണ്ട് മറ്റു ചിലർ .
അലക്കിയ തുണികൾ ബക്കറ്റിലാക്കി പടവ് കയറി തിരിച്ചു പോവുകയായിരുന്നു സഹോദ രിമാർ.പെട്ടന്നാണ് അങ്ങേകരയിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നത് കേട്ടത്. നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുകയാണ് എട്ടു വയസുകാരനായ ഒരു കുട്ടി .കൂട്ടത്തിലുള്ള മറ്റുള്ളവർക്കു ഒന്നും അവനെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല. ആമ്പൽ ചെടികളുടെ അടിയിലേയ്ക്ക് അവൻ്റെ കുഞ്ഞു ശരീരം ശ്വാസം കിട്ടാനാകാതെ പിടഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്നു….. പേടിച്ചരണ്ട മറ്റു കുട്ടികൾ കുളി മതിയാക്കി കടവിലേക്കു കയറി ആർത്തു കരയുന്നു. ആ വലിയ കുളത്തിൽ ശ്വാസത്തിനു വേണ്ടി പിടയുന്ന അവൻ്റെ ശരീരത്തിൻ്റെ അലകൾ മാത്രം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരുo പരസ്പരം  പകച്ചു നോക്കുന്നു.
കയ്യിലിരിയ്ക്കുന്ന അലക്കിയ വസ്ത്രങ്ങൾ നിറച്ച ബക്കറ്റും നിലത്തേയ്ക്കിട്ട് ആ കുളപടവിൻ്റെ മുകളിൽ  നിന്നും എടുത്തു ചാടാൻ ഇരട്ട സഹോദരിമാരിലൊരാളായ ലളിതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല……

 കുളത്തിൻ്റെ പടിഞ്ഞാറേ കരയിൽ നിന്നും മറുകരയിലേയ്ക്ക് ആ പതിനഞ്ചു വയസുകാരി അതിവേഗം നീന്തി ആമ്പൽ ചെടികളുടെ ഇടയിലേയ്ക്ക് ആണ്ടു പോയി കൊണ്ടിരുന്ന ആ കുഞ്ഞു ശരീരത്തെ അവർ പിടിച്ചുയർത്തി.
പിന്നെ പുകുതി ജീവനവശേഷിച്ച ആ ശരീരവും താങ്ങി അവൾ കരയിലേയ്ക്ക് തിരിച്ചു നീന്തി.കൽപടവിൽ ആ കുഞ്ഞു ശരീരം കിടത്തിയതിനു ശേഷം  അവൾ ആ മുഖത്തേയ്ക്ക് നോക്കിയത്. മുമ്പ് കണ്ടു പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്.
ഈ കുട്ടി ഏതു വീട്ടിലെയാണ്. അവിടെ കൂടിനിന്നിരുന്ന മറ്റു കുട്ടികളോട്  അവൾ ചോദിച്ചു.. എന്റെ അമ്മാവന്റെ മകനാണ്. കൂട്ടത്തിൽ  ഉയരം കുറഞ്ഞ ഒരു കുട്ടി മറുപടി പറഞ്ഞു. സ്കൂളവധിയായതിനാൽ എന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. ചലനമറ്റു കിടക്കുന്ന ആ കുഞ്ഞു ശരീരത്തിലേയ്ക്ക് അവൾ നോക്കി. ഭിന്ന ശേഷിക്കാരനായ ആ കുട്ടിയ്ക്ക് നീന്തൽ അറിയില്ലായിരിയ്ക്കും.. പകച്ചു നിൽക്കുന്ന മറ്റു കുട്ടികളെ തള്ളി മാറ്റി അവൾ ആ കുട്ടിയുടെ വയറ്റിൽ ശക്തമായി അമർത്തി കൊണ്ടിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു വലിയ ചുമയോടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം തികട്ടി വന്നു. ഇതിനിടെ ഓടി കൂടിയ നാട്ടുകാർ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടി…

പുത്തൻ പീടിക ചന്തയോടു ചേർന്നു തന്നെയാണ് നായരു മാഷുടെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്.പിറ്റേന്ന് രാവിലെ ഇൻസ്റ്റിററ്യൂട്ടിൽ പോകും വഴിയ്ക്ക് സഹോദരിമാരെ വഴിയിൽ വച്ച് നാട്ടുകാർ തിരിച്ചറിഞ്ഞു. ഉണക്കമീൻ വിൽക്കുന്ന വറീതു മാപ്ല അവരോടു ചോദിച്ചു ഇതിൽ ആരാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്? കൊള്ളി ഷെഡിനടുത്തിരുന്ന് ചീട്ട് കളിച്ചു കൊണ്ടിരുന്നവരും കായ കുലയ്ക്ക് തകരു പറയാൻ വന്ന പച്ചക്കറി കച്ചവടക്കാരും ഉപ്പു സോഡ വിൽക്കുന്ന കുട്ടമണിയും ഇതു കേട്ട് തിരിഞ്ഞു നോക്കി…..പതുക്കെ പതുക്കെ സഹോദരിമാരുടെ ചുറ്റും ഒരാൾ കൂട്ടം രൂപപെട്ടു. അവരെ അറിയാത്തവർ ചോദിച്ചു. ഇതു ഏതാ ഈ കുട്ടികൾ . അറിയാവുന്നവർ പറഞ്ഞു കൊടുത്തു. 'മ്മട്ടെ മഠത്തിപറമ്പിലെ കേശവേട്ടന്റെ ഇരട്ടകളാ...നിനക്കറിയില്ല..'
'അതിനി പൊ ഇവിടെ ന്തണ്ടായേ?
‘എൻെറ ജോസേ നീ ഇവെ ട്യാന്നല്ലേ ജീവിക്കണേ .’

അടുത്ത കഥ നടക്കുന്നതും  കുറെ വര്ഷ ങ്ങള്ക്കു ശേഷം  ഒരു മദ്ധ്യവേനലവധികാലത്താണ്.
പഴയ കഥയിലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പണ്ടത്തെ പതിനഞ്ചു വയസ്സുകാരി  ലളിത ഇപ്പോൾ രണ്ടുപെൺകുട്ടികളുടെ അമ്മയും നാലുകുട്ടികളുടെ അമ്മുമ്മയും ആയിരിക്കുന്നു 
 ചക്കയും മാങ്ങയും പഴുത്തു തുടങ്ങുന്ന ഒരു മെയ് മാസം , അതേ ചാത്തൻ കുളത്തിനരികിലുള്ള അമ്മച്ചി പ്ലാവിലെ ചക്കക ൾ മുഴുവൻ പഴുത്തു തുടങ്ങി. അണ്ണാറകണ്ണനും കാക്ക കൂട്ടങ്ങളും അവരവരുടെ ഓഹരി വീതിച്ചെടുക്കുന്ന തിരക്കിലാണ്.

“അമ്മേ ദാ ചക്കയെല്ലാം കാക്ക കൊത്തി തിന്നുന്നു.”

 അമ്മയുടെ വീട്ടിൽ അവധികാലം ചിലവിടാൻ വന്നതായിരുന്നു ലളിതയുടെ രണ്ടു പെൺമക്കളായ ധന്യയും ശുഭയും അവരുടെ മക്കളും..
' എന്നാൽ പിന്നെ ആ ചക്കയിട്ടാലോ ലളിതേച്ച്യേ.. കിണറിനടുത്തുള്ള പപ്പായ മരത്തിനടിയിലിരുന്ന് മീൻ നന്നാക്കായിരുന്ന അയല്പക്കത്തെ  റോസി ചേടത്തി വിളിച്ച് പറഞ്ഞു.
‘എന്നാ പിന്നെ നമുക്ക് ചക്കയിടാം  മക്കളേ …’ പഴയ കഥയിലെ ലളിത വിളിച്ചു പറഞ്ഞു
കേട്ടപാതി കേൾക്കാത്ത പാതി     മകൾ  ചായിപ്പിലിരിയ്ക്കണ അലുമിനിയം തോട്ടിയുമായി ഇറങ്ങി
രണ്ടുമൂന്നു ചക്കകളിട്ടു കഴിഞ്ഞപോഴാണ് അങ്ങേയറ്റത്തെ കവരത്തിനപുറത്തു നിൽക്കുന്ന പഴുത്ത ഒരു വലിയ ചക്ക അവൾ കണ്ടത്. കയ്യിലുള്ള അലുമിനിയം തോട്ടി അത്രത്തോളമെത്തുമോയെന്ന്  സംശയമുണ്ടായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ ആ തോട്ടി തെന്നിമാറി ഇലക്ട്രിക് കമ്പിയിലേയ്ക്ക് വീണു.

മരണത്തത്തിനും  ജീവിതത്തിനുമിടയിൽ ഒരുനിമിഷം , പഴയ കഥയിലെ ലളിതയുടെ മകൾ ജീവന് വേണ്ടി പിടഞ്ഞൂ…..
വർഷങ്ങള്ക്കു മുൻപുള്ള അതെ സ്ഥലം….
മകളെ രക്ഷിക്കാൻ ഓടിച്ചെന്ന ലളിതക്കും ഷോക്കേറ്റു….
ബഹളം കേട്ടുവന്ന ധന്യയുടെ തന്നെ മകനാണ് അടുത്ത് കിടന്നിരുന്ന ടൈൽസ് എടുത്ത്  അലൂമിനിയം തൊട്ടിയിൽ തട്ടിമാറ്റി സ്വന്തം അമ്മയെ രക്ഷിച്ചത്…
ജീവിതം ചിലപ്പോൾ അങ്ങിനെയാണ് …...തികച്ചും യാദൃച്ഛികമായ ചില സമാനതകൾ ഒരുക്കൂട്ടിവെക്കും

Jun 2, 2020

പരേതൻ്റെ ഫേസ്ബുക്ക്



മരണപ്പെടുന്നതിന് കുറച്ചുനാൾമുമ്പ് 
അയാൾ എനിക്ക് അയച്ചുതന്നിരുന്ന 
മെസഞ്ചർ  ഇൻബോക്സ്  
ഇപ്പോൾ തുറന്നുനോക്കാൻ   ഞാൻ ഭയക്കുന്നു 

ടിക്കറ്റും പാസ്സ്പോർട്ടും വിസയും 
വേണ്ടാത്ത  മരണക്കടലിൻ്റെ  അപ്പുറത്ത് നിന്നും 
എൻ്റെ  തിരക്കുകളെ അവഗണിച്ചു് 
 ഇപ്പോഴും  അയാൾ മെസ്സേജുകൾ അയക്കുന്നുണ്ടാവും.

വീട്ടുകാരിക്കും കുഞ്ഞിനുമായി 
പലപ്പോഴായി  വാങ്ങിക്കൂട്ടിയ സാധനങ്ങൾ 
അയാളുടെ കട്ടിലിനടിയിൽകിടന്നു 
സംസാരിച്ചു തുടങ്ങിയിരിക്കുന്നു  

ഇനിയും  അയാളെ അൺഫ്രണ്ട്‌  ചെയ്യാൻ 
ഞാൻ മുതിരുന്നില്ല ...ചിരിച്ചുനിൽക്കുന്ന 
പ്രൊഫൈൽ പിക്ച്ചറിനു പുറകിലിരുന്ന് 
കരഞ്ഞുകൊണ്ട് അയാൾക്ക്‌ ഇനിയും എന്തോ പറയാനുണ്ട്