Mar 11, 2018

ആൽമരങ്ങളുടെ അൽമാമേറ്റർ

ആദ്യം ഗുരു സ്ഥാപിച്ചത് ഒരു വിളക്കായിരുന്നു. വിളക്കു വയ്ക്കാൻ ഒരു അമ്പലവും, അമ്പലത്തിനു ചുറ്റും സരസ്വതി ക്ഷേത്രങ്ങളായ ക്ലാസ് മുറികളും പിന്നീട് ഉയർന്നു വന്നു. ആ അമ്പലത്തിൽ മാത്രം ജാതി മതഭേദമില്ലാതെ എല്ലാവരും കാൽ കഴുകി കയറി, അറിവിന്റെ പ്രതീകമായ വിളക്കിനെ നമിച്ചു.കണ്ണാടിയിൽ നോക്കി അരച്ച ചന്ദനം നെറ്റിയിൽ തൊട്ട് അവരവരുടെ ക്ലാസ് മുറിയിലേയ്ക്ക് പോയി. അവരിൽ ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും വർണ്ണനും അവർ ണ്ണനുമുണ്ടായിരുന്നു.
ഒരു ഹൈന്ദവ മാനേജ് മന്റ് വിദ്യാലയമായിട്ടു കൂടി ആരും ആരേയും പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിക്കാനോ സന്മാർഗ പഠനത്തിനോ നിർബന്ധപൂർവ്വം ക്ഷണിച്ചില്ല. ഇഷ്ടമുളളവർക്ക് ക്ഷേത്രത്തിൽ വരാം തൊഴാം അരച്ച ചന്ദനം തൊടാം തിരിച്ചു പോകാം.
അമ്പലത്തിനു മുന്നിലെ വിശാലമായ ആൽത്തറയിൽ ഇരുന്ന് ഉച്ചയൂണിനു ശേഷം കുട്ടികൾ കളിച്ചു ചിരിച്ചുകൊണ്ടിരുന്നു. ചിലർ തളിരിലകൾ പറുക്കി ചുളം വിളിച്ചു കൊണ്ടിരുന്നു. ആലിൻ പഴങ്ങൾ അവർക്കു മേൽ വർണ്ണ ഭേദമില്ലാതെ പെയ്തു കൊണ്ടിരുന്നു.
ഞാൻ പഠിച്ചതും വളർന്നതും അരച്ച ചന്ദനത്തിന്റെ ഗന്ധമുള്ളതും അരയാലിലകളാൽ തണൽവിരിച്ചതുമായ ഈ അന്തരീക്ഷത്തിലായിരുന്നു.
ഇരുപത്തിയഞ്ച് അദ്ധ്യയന വർഷങ്ങൾ ......
അതിസുന്ദരിയായ ആഗ്നസ് ടീച്ചർ, പൊട്ടു തൊടാതെ ക്ലാസിൽ വരുന്ന വാസന്തി ടീച്ചർ, കൈനറ്റിക്ക് ഹോണ്ടയിൽ വരുന്ന ജോണി സാർ, സുമുഖനായ കായികാദ്ധ്യാപകനായജോളി സാർ, കണ്ണുരുട്ടിയുരുട്ടി വരാന്തയിലൂടെ ചൂരലുമായി നടക്കുന്ന ഹെഡ്മാസ്റ്റർ ,നാലാം ക്ലാസിൽ പഠിപ്പിക്കുന്ന സരോജിനി ടീച്ചർ , വെളുത്ത് സുന്ദരിയായ ഗൗരി ടീച്ചർ, കറുത്ത് തമിഴ് ചുവയോടെ "ഓടി വിളയാട് പാപ്പാ '' പഠിപ്പിച്ചിരുന്ന പാട്ടു ടീച്ചർ തങ്കം എന്ന തങ്കമണി ടീച്ചർ,തലോണയു റയിൽ My Sweet Dreams എംബ്രോയട്ടറി എഴുതി തുന്നൽ പഠിപിച്ച പേരു മറന്നു പോയ ഒരു ടീച്ചർ, ഉച്ചയൂണിനു ശേഷം തിരിച്ചു വരുമ്പോൾ രണ്ടു കൈയ്യിലും ചെറിയ കുട്ടികളാൽ ആനയിക്കപെട്ട ഷൺമുഖൻ മാസ്റ്റർ, 'ഋഷ്യശൃംഖനെ പോലെ താടിയും മുടിയും വളർത്തി വരുന്ന ചന്ദ്രൻ മാഷ് ....അറെട്ട് നാൽപതെട്ടും പന്തീരഞ്ച് അറുപത് പഠിപ്പിച്ചിരുന്ന അഞ്ചാം ക്ലാസിലെ കണക്കുമാസ്റ്ററും എന്റെ ക്ലാസ് ടീച്ചറുമായിരുന്ന ബൽറാം മാസ്റ്റർ ,ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്രം പഠിപ്പിച്ചിരുന്ന ചിത്തൻ മാഷ് എന്ന് ഞങ്ങൾ വിളിക്കുന്ന സിദ്ധാർത്ഥൻ മാഷ് അങ്ങിനെ കുറച്ചു അധ്യാപക൪ ഇപ്പോഴും മനസ്സിലുണ്ട്.
ബയോളജി, ജിയോഗ്രഫി, കെമിസ്ട്രി ,ഹിസ്റ്ററി, ലസാ ഘു ,ഉസാഘ ,A+Bഈ വാക്കുകൾ എല്ലാം ആദ്യം കേട്ടതും പരിചയിച്ചതും ഇവിടെ നിന്നായിരുന്നു.ബീജവും അണ്ഡവും കുടിച്ചേരുന്നത് ഓബ്ലേറ്റ് ഉണ്ടാക്കാനായി മുട്ട കലക്കുന്നതു പോലെയാണെന്നു പറഞ്ഞു തന്ന സയൻസ് അദ്ധ്യാപകൻ ഇന്നും മനസിലുണ്ട്. അങ്ങനെയാണ് "സിക്താണ്ഡം" ഉണ്ടാകന്നത് 'പുതു ജീവന്റെ ആദ്യ കണിക .
അധികം അകലത്തല്ലാതെയായി കണ്ടശoങ്കടവ് സേക്രട്ട് ഹാർട്ട് ഗേൾസ് സ്ക്കൂൾ ഉള്ളതു കൊണ്ട് സുന്ദരിയായ പെൺകുട്ടികൾ കൂടുതലും പഠിച്ചിരുന്നത് അവിടെയായിരുന്നു. അതുകൊണ്ടു തന്നെ അത്രയൊന്നും സുന്ദരികളല്ലാത്ത പെൺകുട്ടികളുമായി ഞങ്ങൾക്ക് ക്ലാസ് റൂം പങ്കിടേണ്ടതായി വന്നു.പിന്നെ ഇടയ്ക്കിടെയുള്ള ഒളിഞ്ഞു നോട്ടങ്ങളല്ലാതെ നേരിട്ടു സംവദിക്കാൻ മാത്രമുള്ള പ്രായവും പക്വതയും അന്ന് ഉണ്ടായിരുന്നില്ല.
രണ്ടു ഭൂഖണ്ഡങ്ങളിൽ ജീവിക്കുന്ന ജീവികൾ പോലെ ഞങ്ങൾ പെൺകുട്ടികളെ കണ്ടു, അവർ ഞങ്ങളുടെ സ്വപ്നങ്ങളിൽ വന്നതേയില്ല... പിന്നെ ഇടവിട്ട് ഇടവിട്ട് ഒരോരോ സുന്ദരികൾ വന്നുകൊണ്ടിരുന്നു മറ്റു സ്ക്കൂളുകളിൽ സീറ്റുകിട്ടാതെ അബദ്ധത്തിൽ വന്നു കയറുന്ന സുന്ദരികൾ. അവർ ഞങ്ങളുടെ നോട്ടങ്ങളേറ്റ് തളർന്നിട്ടുണ്ടാകും ....
അതിസുന്ദരികളായ അധ്യാപികമാരുടെ നിശബ്ദ ആരാധകരായിരുന്നു ഞങ്ങളെല്ലാവരും ...
ഒമ്പതാം ക്ലാസിലെ ബയോളജി പുസ്തകത്തിന്റെ അറുപത്തിരണ്ടാം പേജ് ഇപ്പോഴും ഓർമ്മയുണ്ട്. സ്ത്രീ പുരുഷ ലൈഗികാവയവങ്ങളെ പറ്റി വരിക്കുന്ന ആ പേജായിരുന്നു എനിയ്ക്ക് ലൈംഗിക വിദ്യഭ്യാസത്തിന്റെ ആദ്യക്ഷരം പറഞ്ഞു തന്നത്.
പലരം പുസ്തകത്തിലെ ആ പേജു മാത്രം ഒരുപാടു പ്രാവശ്യം മനസിരുത്തി വായിച്ചു നോക്കുകയും ഇടയ്ക്കിടെ ഓർമ്മ പുതുക്കുകയും ചെയ്തതു കൊണ്ടാവാം മുഷിഞ്ഞിരുന്നത്.
ഇപ്പോൾ നിങ്ങൾക്ക് ചിരി വരുന്നുണ്ടാകും. ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത് വൈ ഫൈ യും ജിയോ സിമ്മും Youtube facebook wats up ഇതൊന്നുമില്ലാത്ത ഒരു കൗമാരക്കാരന്റെ ഇരുപത്തിയഞ്ച് വർഷം മുൻപുളള ദാരിദ്ര്യത്തെക്കുറിച്ചാണ്... അവന്റെ ജിജ്ഞാസയെ കുറിച്ചാണ്.
പഠിക്കുന്ന കാലത്ത് എഴുത്തിന്റെ അസ്കിത ഒട്ടും തന്നെ ഇല്ലാതിരുന്നതിനാൽ തികച്ചും സാധാരണമായ കണ്ണുകളോടെയാണ് എന്നിലൂടെ കാലം കടന്നു പോയത്.ടെന്നിസൻ ,പൗലോസ് തുടങ്ങിയ മിടുക്കൻമാർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കു വേണ്ടി പടപൊരുതിയിരുന്നു. ഇതിൽ പെടാതെ ഞങ്ങൾ കുറച്ചു പേർ മധ്യവർത്തി സത്യൻ അന്തിക്കാട് പടങ്ങൾ പോലെ അതികം പൊട്ടലുo ചീറ്റലുമൊന്നുമില്ലാതെ ഇങ്ങനെ കടന്നു പോയി കൊണ്ടിരുന്നു.
ഇടയ്ക്കു വരുന്ന കായിക കലാമത്സരങ്ങൾ ഒഴിച്ചാൽ പഠനം തന്നെയായിരുന്നു പ്രധാന കലാപരിപാടി....
ജൂലെെ 29 നു സംഘടിപ്പിക്കുന്ന കുടുംബസംഗമം പരിപാടിയ്ക്കു ആശംസകൾ നേരുന്നു...
കഴിഞ്ഞ കാലം തിരിച്ചുവരാതിരിക്കട്ടെ,
എത്രമേൽ പുനർ നിർമ്മിച്ചാലും
അത്രയൊന്നും ഒത്തുവരില്ല കാഴ്ച്ചയും
കാല്പാടുകളും....
തളിർത്തു കൊഴിഞ്ഞ ആലിലകൾക്കിടയിൽ കാലമേ നീയെൻ ബാല്യം കരുതി വയ്ക്കുന്നു...
നന്ദി