Nov 5, 2017

ലേഡീബേർഡും സ്പീഡ്കിംഗും

പറക്കുന്ന പേടമാനിന്റെ പടമുള്ള സ്പീഡ് കിംഗ് എന്ന സൈക്കിളായിരുന്നു എന്റെ ആദ്യത്തെ വാഹനം .
ഇത് ഞങ്ങളുടെ അച്ഛൻ ലാംപി എന്ന പഴഞ്ചൻ സ്കൂട്ടർ  വാങ്ങുന്നതിനു മുമ്പുള്ള കഥയാണ് .....
അങ്ങനെയിരിക്കെയാണ് ഞാൻ ഹൈസ്ക്കൂളിലേയ്ക്ക് ജയിക്കുന്നത്. ആ വിജയവും അമ്മയുടെ ഉപാധികളോടെയുള്ള ശുപാർശ്ശയും  എന്റെ ഒരു ചിരകാല അഭിലാഷം സാധ്യമാക്കി. അതു വരെ നടന്ന്  മാത്രം സ്ക്കൂളിൽ പോയിരുന്ന ഞാൻ ആ വർഷം മുതൽ സൈക്കിളിൽ സ്ക്കൂളിൽ പോയി തുടങ്ങി.സ്പീഡ് കിംഗ് എനിക്ക് പുതിയ ചിറകുകൾ തന്നു. പുസ്തക സഞ്ചിയും ചോറു പാത്രവും കാരിയറിൽ വച്ച് മറ്റു കുട്ടികൾക്കൊപ്പം ഞാൻ സൈക്കിൾ ചവിട്ടി പോയി. അച്ഛൻ ലാംപിയിൽ നിന്നും ചേദക്കിലേക്കും പിന്നെ വിജയ് സൂപ്പറി ലേയ്ക്കും മാറി. കടയിൽ നിന്നും സാധനങ്ങൾ കൊണ്ടുവരാൻ ഉള്ള സൗകര്യം ഉള്ളതുകൊണ്ട് അച്ഛൻ സ്കൂട്ടർ തന്നെ തുടർന്നു കൊണ്ടിരുന്നു.
ഭാരത്  എന്നെഴുതിയ തണ്ടു കവറുള്ള ഹീറോ സൈക്കിളായിരുന്ന അച്ഛൻ ആദ്യം ഉപയോഗിച്ചത്. ഞാൻ സൈക്കിൾ ചവിട്ടി പടിക്കുന്നതും അതിലാണ്‌.
കട മുടക്കമുള്ള വ്യാഴാഴ്ച്ച ദിവസങ്ങളിൽ എന്റെ കൂട്ടുകാരെ ഡബിളും ത്രിബ്ളും വച്ചു വെള്ളം കെട്ടി നിൽക്കുന്ന പാടവരമ്പിലൂടെ സൈക്കിൾ ഓടിക്കുക എന്നത് എന്റെ ഒരു പ്രധാന വിനോദമായിരുന്നു .ഒടുവിൽ മഡ്ഗാഡിനുള്ളിൽ ചെളി നിറഞ്ഞതു കണ്ട് അച്ഛൻ കൈയ്യിൽ നിന്നും ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്.
പറമ്പും കഴിഞ്ഞ് പാടത്തിനരികെയുള്ള വഴിയിലൂടെ രാത്രിയിൽ കട അsച്ച് അച്ഛൻ വരുന്നതും കാത്ത് ഞാൻ കിഴക്കെ പുറത്തെ ഇറയത്തിരിയ്ക്കാറുണ്ട്.... ഇരുട്ടിൽ അകലെ ഒരു ബീഡി കുറ്റിയിലെ വെളിച്ചം പോലെ അച്ഛന്റെ സൈക്കിളിന്റെ ഡൈനാമോ കാണുമ്പോൾ ഞാൻ അടുക്കളയിലേയ്ക്ക് വിളിച്ചു പറയും 
"അമ്മേ ദാ അച്ഛൻ വരുന്നുണ്ട് ".

സ്പീഡ് കിംഗ് പറന്നു കൊണ്ടേയിരുന്നു. ഒന്നുരണ്ടു തവണ ഞാൻ സൈക്കിളിന്നു വീഴുകയും കൈമുട്ടിനു ചെറിയ പരിക്കുകൾ പറ്റിയതുമൊഴിച്ചാൽ ദൈവം സഹായിച്ച് സൈക്കിളിന് കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.
ആരോഗ്യപരമായ കാരണങ്ങളാൽ അച്ഛൻ സ്കൂട്ടർ ഉപേക്ഷിച്ച് വീണ്ടും സൈക്കിളിലേയ്ക്ക് തിരിഞ്ഞു. ഇത്തവണ അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ ഞാൻ സുധാകരേട്ടന്റെ സൈക്കിൾ കട അന്വേഷിച്ചു പോയി.
സ്പീഡ് കിംഗ് ആയിരുന്നു  തിരഞ്ഞത്. 
"ആ മോഡൽ ഒക്കെനിറുത്തി..."
സുധാകരേട്ടൻ പറഞ്ഞു .....
അച്ഛനു വേണ്ടിയാണെന്നു പറഞ്ഞപ്പോൾ ലേഡീബേഡ് മതിയാകുമെന്നും പറഞ്ഞു...

അച്ഛന് ഇഷ്ടപ്പെട്ടതും അതുതന്നെ ആയിരുന്നു.....
എനിക്ക് പണ്ട് സ്പീഡ്‌കിംഗ് ഇഷ്ടപെട്ടതു പോലെ .....