Nov 23, 2009

വിവാഹം-ഷാഹുവിന്റ കവിത

ഉപാധികളില്ലാതെ സ്നേഹിക്കാമെന്ന
വാഗ്ദാനമാണ് എന്നെയുമവളേയും
ഒരു താലിച്ചരടില് ബന്ധിച്ചത്

എന്നിട്ടും ഓഫീസില് നിന്നും
നേരത്തെ വരണമെന്നും

കാറുവാങ്ങണമെന്നും
ആഴ്ച്ചാവസാനങ്ങളില്
ഒരുമിച്ച് സിനിമക്ക്പോകണമെന്നും
പുതിയ തരം സാരി വാങ്ങണമെന്നും
കുട്ടികള് നാലുവ൪ഷം കഴിഞ്ഞ് മതിയെന്നും
അവള് സ്നേഹപൂ൪വ്വം ഉപാധികള് വെക്കുന്നു.

ഇപ്പഴും ഞാന് എന്റ മനസ്സിനെ
സ്വയം വിശ്വസിപ്പിക്കയാണ്

ഉപാധികളില്ലാതെയാണ് അവള്
എന്നെ സ്നേഹിക്കുന്നതെന്ന്.

Nov 2, 2009

തൊലിപ്പുറം

ഇപ്പൊഴായാരും കരയാറെയില്ലിവിടെ.
കരയില്ലയെന്നൊന്നും ആരും വാക്കുകൊടുത്തിട്ടില്ല.
പക്ഷെ കരയാന് വന്നാലും ചിരിക്കാനാണ് തോന്നുക.

അടുത്തിടെയാരും മരിച്ചിട്ടില്ലിവിടെ..
മരിക്കാന് തുടങ്ങുമ്പൊഴാകും
കൊടുങ്കാറ്റായി പ്രാണവായു വരിക.


കറുത്തവരായി ഉയരം കുറഞ്ഞവരായി
കുരുടരായി കൂട്ടുകൂടാത്തവരായി
വയസ്സരായി ആരുമില്ലിവിടെ

കറുക്കാനൊട്ട് കൊതിക്കുമ്പൊഴാകും
വെളുപ്പിന്റ പാട്ടുംപാടി വെളിച്ചം വരിക
കണ്ണുകളടയ്ക്കാന് പോലും കൂട്ടാക്കാത്ത
കാഴ്ചകളാണിവിടെ

എല്ലാ പല്ലുകളും എല്ലാചുണ്ടുകളും
എല്ലാ മുഖങ്ങളും ഒരുപോലെ.
എല്ലാകൈകളും എല്ലാ കാല്കളും
എല്ലാ ചുമലുകളും ഒരുപോലെ